ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും എളുപ്പമായിരുന്നില്ല പേടിഎം എന്ന എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിന്റെ പിറവി.

സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പ്രതിസന്ധികളെ അവസരമാക്കിയാണ് ഈ സ്റ്റാര്‍ട്ടപ്പ് പിറന്നത്. അവസരങ്ങളില്‍ പേടിഎം വളര്‍ന്നപ്പോള്‍ വിജയ് ശേഖര്‍ ശര്‍മയും സമ്പന്നനായി. 10,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് ഇന്ന് 1.2 ബില്യൺ ഡോളർ ആസ്തിയുടെ ഉടമയമാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 92-ാം സ്ഥാനത്തേക്കുള്ള വിജയ് ശേഖറിന്റെ വളര്‍ച്ച സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു.

സാധാരണ കുടുംബത്തിൽ നിന്ന് കോടീശ്വരനിലേക്ക്:  1978-ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സാധാരണ കുടുംബത്തിലാണ് വിജയ് ശേഖർ ശർമ്മ ജനിക്കുന്നത്. സ്കൂൾ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശർമ്മയുടെയും നാല് മക്കളിൽ മൂന്നാമൻ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വിജയ് ശേഖർ അന്നത്തെ ഡൽഹി കോളേജ് ഓഫ് എൻജിനീയറിം​ഗ് കോളേജിൽ അഥവാ ഇന്നത്തെ ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നു. ബിടെക് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴേക്കും തന്റെ വിജയം ഇന്റർനെറ്റ് മേഖലയിലായിരിക്കുമെന്ന് ഈ അലി​ഗഡുകാരൻ ഉറപ്പിച്ചിരുന്നു

90കളുടെ അവസാനകാലത്ത് indiasite.net എന്ന വെബ്‌സൈറ്റ് ആരംഭിച്ച വിജയ് ശേഖർ രണ്ട് വർഷത്തിന് ശേഷം അഞ്ചുലക്ഷം രൂപയ്ക്കാണ് ഈ വെബ്സൈറ്റ് വില്പന നടത്തിയത്. അന്നൊരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ആദ്യ വെബ്സൈറ്റ് നിർമാണം. വെബ് കണ്ടന്റുകളുടെ സാധ്യത മനസിലാക്കിയ വിജയ് ശേഖർ തന്റെ മുഴുവൻ സമ്പാദ്യവും ഉപയോ​ഗപ്പെടുത്തിയാണ് 2003 ൽ One97 കമ്മ്യൂണിക്കേഷൻസ് ആരംഭിക്കുന്നത്. വാർത്താ കണ്ടന്റ്, ക്രിക്കറ്റ് സ്‌കോറുകൾ, റിംഗ്‌ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ നൽകുന്നൊരു പ്ലാറ്റ്ഫോമായിരുന്നു One97 കമ്മ്യൂണിക്കേഷൻസ്. പേടിഎമ്മിന്റെ പാരന്റ് കമ്പനിയും ഇതുതന്നെ.

പരീക്ഷണങ്ങളുടെ കാലഘട്ടം:  One97 കമ്മ്യൂണിക്കേഷൻസിലേക്ക് എത്തുന്നതിന് മുൻപ് പ്രതിസന്ധികളുടെ സമയമായിരുന്നു. ബി ടെകിന് ശേഷം ഐഐടി പ്രവേശനം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇം​ഗ്ലീഷ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചും വെബ് കോഡിംഗിലുണ്ടായ താലപര്യത്തിലുമാണ് വിജയ് ശേഖർ മുന്നോട്ട് പോയത്. സുഹൃത്തുക്കളുടെ സഹായത്തോടെ One97 കമ്മ്യൂണിക്കേഷൻസ് തുടങ്ങിയതോടെ കയ്യിൽ പണമില്ലാതായി. പിന്നീട് കമ്പനിയെ നിലനിർത്താൻ പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ ജോലിയും ചെയ്തു.

പേടിഎം തുടങ്ങുന്നു:  2004ൽ One97 കമ്മ്യൂണിക്കേഷൻസിന്റെ 40 ശതമാനം ഓഹരികൾ എട്ട് ലക്ഷം രൂപയ്ക്ക് വിജയ് ശേഖറിന്റെ സുഹൃത്ത് വാങ്ങി. ഇത് കൂടുതൽ നിക്ഷേപം നടത്താൻ വിജയ് ശർമയെ പ്രേരിപ്പിച്ചു. 2010-ൽ ഇന്ത്യയിൽ 3ജി നെറ്റ്‌വർക്ക് പ്രചാരം ലഭിച്ചതോടെ അവസരം മനസിലാക്കിയാണ് അദ്ദേഹം One97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2011 ൽ ആരംഭിച്ച പേടിഎം തുടക്കത്തിൽ വാലറ്റ് സൗകര്യം, ബസ് ടിക്കറ്റ് ബുക്കിം​ഗ്, ബിൽ പെയ്മെന്റ്, സിനിമാ ടിക്കറ്റ്, തീവണ്ടി, വിമാന ടിക്കറ്റ് എന്നീ മേഖലയിലാണ് പ്രവർത്തിച്ചത്. പേടിഎ സ്ഥാപിച്ച 10 മാസത്തിനുള്ളിൽ 15 ദശലക്ഷം വാലറ്റുകൾ ഉണ്ടാക്കാൻ പേടിഎമ്മിന് സാധിച്ചു.

2016 ലെ നോട്ട് അസാധുവാക്കൽ പേടിഎമ്മിനെ വലിയ രീതിയിൽ തുണച്ചു. പേടിഎം ഇടപാടുകളിൽ 700 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം എത്തി. ഇത് രണ്ട് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ മൂല്യനിർണ്ണയം നേടാൻ പേടിഎമ്മിനെ സഹായിച്ചു. ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാർ പേടിഎം ഉപയോ​ഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാൾ എന്ന പേരിൽ ഇ-കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖർ ആരംഭിച്ചിട്ടുണ്ട്.

 വിജയ് ശേഖറിൻ്റെ ആസ്തി: 2021 നവംബറിലാണ് പേടിഎം ഓഹരി വിപണിയിൽ ലിസറ്റ് ചെയ്തത്. എന്നാൽ പ്രാരംഭ ഓഹരി വില്പനയ്ക്ക് ശേഷം പേടിഎം ഓഹരികൾക്ക് നല്ല കാലമായിരുന്നില്ല. ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഫോബ്സിന്റെ 2022 ലെ കണക്ക് പ്രകാരം 1.2 ബില്യണ്‍ യുഎസ് ഡോളറാണ് വിനോദ് ശേഖര്‍ ശര്‍മയുടെ ആസ്തി. 2019 തില്‍ പേടിഎം ഐപിഒയ്ക്ക് മുന്‍പ് 2.6 ബില്യണ്‍ ഡോളറായരുന്നു. ഇവിടെ നിന്ന് ആസ്തിയിൽ ഇടിവാണ് രേഖരപ്പെടുത്തുന്നത്. നിലവിൽ കമ്പനിയുടെ സിഇഒയാണ് അദ്ദേഹം.

Comments are closed.