സ്റ്റാർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികൾ സ്വന്തമാക്കി ഗൗതം അദാനി. ട്രെയിൻമാന്റെ 30 ശതമാനം ഓഹരികളാണ് അദാനി എന്റർപ്രൈസസ് സ്വന്തമാക്കിയത്. എസ്ഇപിഎല്ലിന്റെ 100 ശതമാനം ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

അദാനി ഡിജിറ്റൽ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 3.56 കോടി രൂപയ്ക്ക് എസ്ഇപിഎല്ലിന്റെ 29.81 ശതമാനം ഓഹരികൾ വാങ്ങിയതായി ശനിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അദാനി എന്റർപ്രൈസസ് അറിയിച്ചു. 2022-23 സാമ്പത്തിക വർഷം എസ്ഇപിഎൽ 4.51 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കിയിരുന്നു.

ട്രെയിൻമാനെ അദാനി ഏറ്റെടുക്കുന്നതിലൂടെ ഒടുവിൽ ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി ആപ്പ് സ്വന്തമാക്കുമെന്ന് കഴിഞ്ഞ മാസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു. പിന്നാലെ ഈ ആരോപണം നിഷേധിച്ച് ഐആർസിടിസി പ്രസ്താവന ഇറക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 14.5 ലക്ഷം റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ 81 ശതമാനവും ഇ-ടിക്കറ്റുകളും ഐആർസിടിസി വഴി തന്നെ ബുക്ക് ചെയ്തവയുമാണ്. അതിനാൽ, ഐസിആർസിറ്റിയും ട്രെയിൻമാൻ ഉൾപ്പെടെയുള്ള ഏജന്റുമാരും തമ്മിൽ ഒരു മത്സരവുമില്ലെന്നും ഐആർസിടിസി വ്യക്തമാക്കി.

വ്യവസായികളായ വിനീത് ചിരാനിയയും കരൺ കുമാറും ചേർന്ന് 2011-ലാണ് ട്രെയിൻമാൻ ആരംഭിച്ചത്. പിഎൻആർ (പാസഞ്ചർ നെയിം റെക്കോർഡ്) സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഒരു ഇന്ത്യൻ ട്രാവൽ ബുക്കിംഗ് ആപ്പാണിത്. സീറ്റ് ലഭ്യത, റണ്ണിംഗ് സ്റ്റാറ്റസ്, ടൈം ടേബിൾ, കോച്ച് പൊസിഷൻ, നിരക്ക് കാൽക്കുലേറ്റർ മുതലായവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ഈ ആപ്പിൽ ലഭിക്കും.

Comments are closed.