രാജ്യത്ത് തിരഞ്ഞെടുത്ത മോഡൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകൾക്ക് 0.6 ശതമാനം മുതൽ വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ, വൈദ്യുത വാഹനങ്ങൾക്കും വില ഉയരും. ജൂലൈ 17 മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിലാകുക. മുൻകാലങ്ങളിൽ ഉൽപ്പാദന ചെലവിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ വില വർദ്ധനവ്.

ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും, ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വില വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം മൂന്നാം തവണയാണ് ടാറ്റാ മോട്ടോഴ്സ് വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. ജനുവരിയിൽ 1.2 ശതമാനവും, ഏപ്രിലിൽ 0.6 ശതമാനവും വില വർദ്ധിപ്പിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 2,26,245 വാഹനങ്ങളാണ് വിറ്റഴിച്ചത്. ജൂൺ മാസത്തിൽ മാത്രം ആഭ്യന്തര വിൽപ്പന 80,383 യൂണിറ്റായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 79,606 വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്.

Comments are closed.