ബെയ്‌ജിങ്ങ്‌: 19-ാമത് ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ചൈന ആതിഥേയത്വം വഹിക്കാൻ പൂർണ്ണ സജ്ജരാണെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് വരുന്നത്. പ്രധാനവേദിയായ ഹാങ്‌ഷൗവിനും കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്‌ബോ, വെൻഷൗ, ജിൻഹുവ, ഷാവോക്‌സിംഗ്, ഹുഷൗ എന്നീ അഞ്ച് സഹ-ഹോസ്റ്റ് നഗരങ്ങൾക്കുമിടയിൽ 350 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്.

ഏഷ്യൻ ഗെയിംസ് തീമിലാണ് ഫക്സിംഗ് ഇന്റലിജന്റ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം. 578 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ എട്ട് ബോഗികളാണ് ട്രെയിനിലുള്ളത്. ഇവന്റിന്റെ പ്രധാന നിറമായ റെയിൻബോ പർപ്പിൾ ആണ് ട്രെയിനിനും നൽകിയിരിക്കുന്നത്. ഒപ്പം ഏഷ്യൻ ഗെയിംസിന്റെ ചിഹ്നങ്ങളും ഭാഗ്യമുദ്രയും സ്‌പോർട്‌സ് ചിത്രങ്ങളും ഉപയോഗിച്ച് ട്രെയിൻ അലങ്കരിച്ചിട്ടുമുണ്ട്.

പൂർണ്ണമായ 5ജി വൈഫൈ നെറ്റ്‌വർക്കും ഇന്റലിജന്റ് ഇന്ററാക്ടീവ് ടെർമിനലുകളും ഈ ട്രെയിനിൽ ലഭ്യമാണ്. വയർലെസ് സ്‌ക്രീൻ പ്രൊജക്ഷൻ, ഓപ്പറേഷൻ വിവരങ്ങൾ തുടങ്ങിയ സേവനങ്ങളും നൽകുന്നു. 90 സെന്റീമീറ്റർ വീതിയുള്ള പാസേജ് ഡോറുകൾ, ബാരിയർ ഫ്രീ ടോയ്‌ലറ്റുകൾ, വീൽചെയർ സ്റ്റോറേജ് ഏരിയകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള ബാരിയർ ഫ്രീ ക്യാരേജുകളും ട്രെയിനിലുണ്ട്.

ട്രെയിനിൽ ഓട്ടോമാറ്റിക് എയർ പ്രഷർ, ടെമ്പറേച്ചർ അഡ്ജസ്റ്റ്മെന്റ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ വായു മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ഫലപ്രദമായി ഒഴിവാക്കാൻ സാധിക്കും. ട്രെയിനിന്റെ ലോക്കോമോട്ടീവ് ബയോണിക് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. അത് എയറോഡൈനാമിക് പ്രതിരോധവും ഊർജ്ജ ഉപഭോഗവും കുറയ്ക്കുകയും ചെയ്യും.

Comments are closed.