പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഒരു ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന ഇവി പുറത്തിറക്കിയത് ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ മറ്റൊരു പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഏഥര്‍ ഒരുലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ഏഥര്‍ തന്നെ അറിയിച്ചിരിക്കുകയാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കമ്പനി സിഇഒ തരുൺ മേത്ത പറഞ്ഞു.
‘ഏഥര്‍ സമീപഭാവിയിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്കൂട്ടർ നിർമ്മിക്കില്ല. ഒരുലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇത്തരമൊരു ഉത്പന്നം എങ്ങനെ നിര്‍മ്മിക്കുമെന്നോ അതിന്റെ പ്രവർത്തനക്ഷമത എങ്ങനെയാകുമെന്നോ എനിക്ക് മനസ്സിലാകുന്നില്ല,’ കാരൻഡ്ബൈക്ക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരുൺ മേത്ത പറഞ്ഞു.
‘ഒരു ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന ഉത്പ്പന്നങ്ങളെ ഞങ്ങൾ സന്തോഷത്തോടെ നിരീക്ഷിക്കും. അവരിൽ നിന്ന് പഠിക്കാനാകുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അത്തരം വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് നമുക്ക് അറിയില്ല. ഒരു ലക്ഷത്തിൽ താഴെയായി പ്രഖ്യാപിച്ച ഏതാനും ലോഞ്ചുകൾ ഇപ്പോൾ വില കൂട്ടുകയുണ്ടായി. കുറഞ്ഞ വിലയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പെട്രോള്‍ സ്‌കൂട്ടറുകളെക്കാള്‍ പെര്‍ഫോമെന്‍സ് കുറഞ്ഞേക്കും എന്നതിനാലാണ് ഒരുലക്ഷം രൂപയില്‍ താഴെയുള്ള മോഡല്‍ പരിഗണിക്കാത്തത്,’ മേത്ത വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ഒല ഒരു ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന മോഡലുകൾ പുറത്തുവിട്ടത്. S1 X , S1X+ എന്നീ മോഡലുകളാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയത്. 79,999 രൂപയാണ് S1 Xന്റെ പ്രാരംഭ വില. S1X+ എന്ന മോഡലിന് 99,999 രൂപയാണ് വില വരിക.
Comments are closed.