രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. 2024 ഏപ്രിൽ മുതലാണ് നികുതി സംവിധാനത്തിന്റെ അവലോകനം നടത്തുക.

കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ അനുസരിച്ച്, ഇ-ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതൽ ലോട്ടറി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കുന്നതാണ്. കൂടാതെ, ഓൺലൈൻ വാതുവെയ്പ്പിൽ പന്തയത്തുകയുടെ മുഖവിലയുടെ 28 ശതമാനം ജിഎസ്ടി ആയി ഈടാക്കും. അതേസമയം, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ ഭേദഗതികൾ ഓഫ് ഷോർ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ എടുക്കുന്നതും, നികുതി അടയ്ക്കുന്നതും നിർബന്ധമാക്കുന്നതാണ്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് എടുത്തത്.

Comments are closed.