സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ച (ജൂലൈ 13) ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്‍റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ വൈകിട്ട് 4.30 വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക. അന്നേദിവസം എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസമില്ലെങ്കിലും പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി ആയിരിക്കും ഏർപ്പെടുത്തുക.

എന്നാൽ ഡെബിറ്റ് ‍/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കും അന്നേദിവസം തടസമുണ്ടാവില്ലെന്നും ബാങ്ക് അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്, 2024 ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിൻവലിക്കാനും എല്ലാ ഫണ്ട് ട്രാൻസ്ഫറുകളും മുൻകൂട്ടി ആസൂത്രണം ചെയ്യാനും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് .

അതേസമയം, അന്നേദിവസം യുപിഐ സേവനം തടസപ്പെടും. അതായത് എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഈ നിശ്ചിത സമയത്ത് ഓൺലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം സ്വീകരിക്കാനോ കൈമാറാനോ സാധിക്കില്ല. ഇതിനു പുറമേ മെര്‍ച്ചന്‍റ് പേയ്‌മെന്‍റ് (ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍), ബാലന്‍സ് നോക്കല്‍, യുപിഐ പിന്‍ മാറ്റലും സെറ്റ് ചെയ്യലും അടക്കമുള്ള സേവനങ്ങളും തടസപ്പെടും. ഈ സമയം, കാര്‍ഡ് ഉപയോഗിച്ച് മെര്‍ച്ചന്‍റ് പേയ്‌മെന്‍റ് നടത്താമങ്കിലും സിസ്റ്റം അപ്‌ഡേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അക്കൗണ്ടില്‍ അപ്‌ഡേറ്റ്‌സ് വരുകയുള്ളൂ എന്നും ബാങ്ക് അറിയിച്ചു.

Comments are closed.