കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി സര്‍വകാല റെക്കോഡില്‍. വ്യാഴാഴ്ച ഓഹരി വിപണിയില്‍ 10 ശതമാനം ഉയര്‍ന്ന് 2684.20 രൂപയായതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85 ശതമാനത്തിന്‍റെ വളര്‍ച്ച നേടിയാണ് നേട്ടം കൈവരിച്ചത്.

കമ്പനിയുടെ ഉപകമ്പനി അടുത്തിടെ 1,100 കോടി രൂപ വിലമതിക്കുന്ന ഒരു അന്താരാഷ്‌ട്ര ഓര്‍ഡര്‍ നേടിയിരുന്നു. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 8 ടിഡിഡബ്ല്യൂ ഡ്രൈ കാര്‍ഗോ വെസലുകള്‍ നിർമിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. 6300 ഡ്രൈ കാര്‍ഗോ വെസലുകള്‍ നാലെണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് നോര്‍വേയിലെ വില്‍സണ്‍ എഎസ്എയുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്.

ഇതിനുപുറമേ അധികമായി 4 കപ്പലുകള്‍ കൂടി നിർമിക്കുന്നതിനും ഇരു കമ്പനികളും തമ്മില്‍ ധാരണയായിട്ടുണ്ട്. 1,100 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്. കപ്പല്‍ നിർമാണം 2028 സെപ്റ്റംബറിനകം പൂര്‍ത്തിയാക്കുമെന്നും ബിഎസ്ഇ ഫയലിങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കി.

Comments are closed.