സൂപ്പര്‍ മണിയുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ട്. കമ്പനിയുടെ സ്വന്തം പേയ്‌മെന്റ് ആപ്പാണിത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) ഇടപാടുകള്‍ക്ക് പുറമേ, ക്രെഡിറ്റ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങളും സൂപ്പര്‍ മണി ആപ്പ് ലഭ്യമാക്കും. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍പേയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ്, ഫ്‌ലിപ്കാര്‍ട്ട് സ്വന്തമായി പേയ്‌മെന്റ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

നിലവില്‍ പുതിയ ആപ്പിന്റെ ബീറ്റ പതിപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. സൂപ്പര്‍ മണി ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആപ്പ് ഉപയോഗിച്ച് ഭക്ഷണം വാങ്ങുന്നതിനും, യാത്ര ചെയ്യുന്നതിനും, മറ്റ് ഇടപാടുകള്‍ക്കും 5 ശതമാനം വരെ ക്യാഷ്ബാക്ക് ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിന്റെ ഫിന്‍ടെക് ആപ്പ് ആയ നവിയും യുപിഐ ഉപയോഗിക്കുന്നതിന് റിവാര്‍ഡുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം എന്നീ മൂന്ന് കമ്പനികളുടെ പക്കലാണ് രാജ്യത്തെ യുപിഐ വിപണിയുടെ 95 ശതമാനം വിഹിതവും. ഇവരുമായാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ സൂപ്പര്‍ മണി ആപ്പ് മത്സരിക്കുക.

Comments are closed.