ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി) മറ്റ് നാല് ബാങ്കുകള്‍ക്കും വിവിധ നിർദേശങ്ങള്‍ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പിഴ ചുമത്തി. പിഎന്‍ബിക്ക് 1.31 കോടി രൂപയാണ് പിഴ ചുമത്തിയത്. ഗുജറാത്ത് രാജ്യ കര്‍മ്മചാരി സഹകരണ ബാങ്ക്, രോഹിക സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മധുബനി ബിഹാര്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മുംബൈ മഹാരാഷ്‌ട്ര, ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പശ്ചിമ ബംഗാള്‍ എന്നിവയാണ് ആര്‍ബിഐ പിഴ ചുമത്തിയ മറ്റു നാല് ബാങ്കുകള്‍. വായ്പ, കെവൈസി ചട്ട ലംഘനം മുന്‍നിര്‍ത്തിയാണ് പിഴ.

പിഎന്‍ബിയുടെ വിശദീകരണം ആര്‍ബിഐ തള്ളി. 2022 മാര്‍ച്ച് 31ന് ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ആര്‍ബിഐയുടെ മേല്‍നോട്ട മൂല്യനിര്‍ണ‌യ സമിതി പരിശോധന നടത്തിയിരുന്നു. ആര്‍ബിഐ നിർദേശങ്ങള്‍ പാലിക്കാത്തതിന് പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ബാങ്കിന് നോട്ടീസ് നല്‍കി. നിർദേശങ്ങള്‍ പാലിക്കുന്നത് പരാജയപ്പെട്ടതില്‍ എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിനുള്ള പിഎന്‍ബിയുടെ മറുപടിയും നേരിട്ട് ഹാജരായി നല്‍കിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം ബാങ്കിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

രണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡികള്‍/ റീഫണ്ടുകള്‍/ റീഇംബേഴ്സ്മെന്‍റുകള്‍ എന്നിവ വഴി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുകയെ അടിസ്ഥാനമാക്കി പ്രവര്‍ത്തന മൂലധന ലോണുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയിരുന്നു. ഇത് ആര്‍ബിഐ നിർദേശങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തല്‍. ചില അക്കൗണ്ടുകളില്‍ ബിസിനസ് സംബന്ധമായി സമര്‍പ്പിച്ച ഉപയോക്താക്കളുടെ വിലാസങ്ങളും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കുന്നതിലും പിഎന്‍ബി വീഴ്ച വരുത്തിയിരുന്നു.

Comments are closed.