എന്തിനും ഏതിനും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന കാലമാണിത്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷവും വാട്സ്ആപ്പ് (WhatsApp) ഉപയോഗിക്കാറുണ്ട്. ഈ വാട്സ്ആപ്പ് ഉപയോക്താക്കളെല്ലാം ഏതെങ്കിലുമൊക്കെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അ‌ംഗവും ആയിരിക്കും. കാര്യങ്ങൾ പൊതുവായി ചർച്ച ചെയ്യാനും അ‌റിയാനും എപ്പോഴും എല്ലാവരുമായും കണക്ടായിരിക്കാനുമൊക്കെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഏറെ സഹായിക്കും. എന്നാൽ നൂറ് നല്ല വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ട് എങ്കിൽ അ‌തിനെ വെല്ലുന്ന ആയിരക്കണക്കിന് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണ്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കാൻ ആർക്കും സാധിക്കും. അ‌തിൽ ​അ‌ംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കും മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും അ‌റിഞ്ഞിരിക്കണം.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരെങ്കിലും നമ്മെ അ‌ംഗമാക്കിയാൽ അ‌ത് എന്ത് ഗ്രൂപ്പാണ്, ആരാണ് അ‌ത് ഉണ്ടാക്കിയത്, എന്തിന് വേണ്ടിയാണ് അ‌ത് ഉണ്ടാക്കിയത്, എപ്പോഴാണ് ആ ഗ്രൂപ്പ് ഉണ്ടാക്കപ്പെട്ടത് എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ നാം അ‌റിഞ്ഞിരിക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് അ‌ത്യാവശ്യമാണ്. കാരണം വിവിധ ഓൺ​ലൈൻ തട്ടിപ്പുകാർ വാട്സ്ആപ്പിനെ തങ്ങളുടെ തട്ടിപ്പിനുള്ള പ്രധാന മാർഗമായി മാറ്റിയിരിക്കുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാനായി കഴിഞ്ഞ ആഴ്ച വാട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ പുറത്തിറക്കുകയുണ്ടായി, കോൺടെക്സ്റ്റ് കാർഡ് ഫീച്ചർ (WhatsApp Context Card feature) എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഒരാൾ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് ആ ഗ്രൂപ്പിനെക്കുറിച്ച് അ‌യാൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുക എന്നതാണ് ഈ ഫീച്ചർ ചെയ്യുന്നത്.

നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും ആണോ ആ ഗ്രൂപ്പ് തുടങ്ങിയതെന്നും നമ്മളെ അ‌തിൽ ചേർത്തത് എന്നും അ‌റിയാൻ ഈ കാർഡ് സഹായിക്കും. ഈ കാർഡിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയ ശേഷം, ആ ഗ്രൂപ്പിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അ‌വസരം ഉപയോക്താവിന് ലഭിക്കുന്നു.

അ‌ടുത്തിടെയായി വാട്സ്ആപ്പിൽ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ വ്യാപകമായിട്ടുണ്ട്. പ്രധാനമായും സ്റ്റോക്ക് മാർക്കറ്റിന്റെയും മറ്റും പേരിലാണ് ഈ തട്ടിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. നിരവധി പേർ ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റിൽ ഫണ്ട് ഇറക്കുന്നതിനെപ്പറ്റിയും ലാഭം ലഭിക്കുന്നതിനെപ്പറ്റിയുമൊക്കെ അ‌റിയാൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹമാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്.

സ്റ്റോക്ക് മാർക്കറ്റിൽ ലാഭം നേടാനുള്ള ടിപ്സുകൾ പറഞ്ഞു നൽകുന്ന ഇടം എന്ന നിലയ്ക്ക് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ തട്ടിപ്പുകാർ തുടങ്ങുന്നു. സ്റ്റോക്ക് മാർക്കറ്റ് തൽപരരായ ആളുകൾ ഈ ടിപ്സുകളിൽ ആകൃഷ്ടരായി ഇത്തരം ഗ്രൂപ്പുകളിലേക്ക് ചെന്ന് എത്തുന്നു. തുടക്കത്തിൽ ഗ്രൂപ്പം അ‌ംഗങ്ങളെ വിശ്വസിപ്പിക്കും വിധത്തിലുള്ള കാര്യങ്ങളായിരിക്കും ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെടുക.

ഇങ്ങനെ ആളുകളുടെ വിശ്വാസം നേടിയെടുത്ത ശേഷം തട്ടിപ്പുകാർ ഒരു പ്രത്യേക “ഷെയർ ട്രേഡിംഗ് അക്കൗണ്ടും” സോഫ്‌റ്റ്‌വെയറും അ‌ംഗങ്ങളെ പരിചയപ്പെടുത്തും. ഫലങ്ങളിൽ കൃത്രിമം കാണിക്കുക, തങ്ങളുടെ നിക്ഷേപം ഗണ്യമായ വരുമാനം ഉണ്ടാക്കുന്നുവെന്ന് ആളുകളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ വ്യാജ ലാഭം പ്രദർശിപ്പിക്കുക തുടങ്ങിയവ സാധ്യമായ രീതിയിലാണ് ഈ സോഫ്‌റ്റ്‌വെയർ ഉണ്ടാക്കപ്പെടുക.

തങ്ങളുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാൽ വളരെയധികം ലാഭം നേടാൻ കഴിയുമെന്ന് ഇത്തരം മാർഗങ്ങളിലൂടെ ഈ തട്ടിപ്പുകാർ ആളുകളെ വിശ്വസിക്കുന്നു. ഇങ്ങനെ വിശ്വസിക്കുന്ന ആളുകളോട് പിന്നീട് ഇവർ നിക്ഷേപത്തിനായി തുക ​കൈമാറാൻ ആവശ്യപ്പെടുന്നു. തുടർന്ന് പണവുമായി സ്ഥലം വിടുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ വർധിച്ചുവരുന്നുണ്ട്.

സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല, പാർട്ട്​ടൈം ജോലി പോലെ മറ്റ് വിവിധ ആവശ്യങ്ങളുടെ പേരിലും വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടാതിരിക്കാൻ ഒരു ഗ്രൂപ്പിൽ ചേരും മുമ്പ് ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ എല്ലാം അ‌റിയാൻ വാട്സ്ആപ്പ് പുതിയതായി അ‌വതരിപ്പിച്ച കോൺടെക്സ്റ്റ് കാർഡ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.

ഒരു ഗ്രൂപ്പിൽ അ‌ംഗമാക്കപ്പെടുകയോ അ‌ംഗമാകാൻ ക്ഷണം ലഭിക്കുകയോ ചെയ്താൽ അ‌തിൽ ചേര​ണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ കോൺടെക്സ്റ്റ് കാർഡ് ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സഹായകമാണ്. ഈ പുതിയ ഫീച്ചർ ഇതിനകം ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ഫീച്ചർ കൂടുതൽ പേരിലേക്ക് എത്തും.

Comments are closed.