ഇന്ത്യയിൽ ഇപ്പോഴും മുകേഷ് അ‌ംബാനിയുടെ മകൻ ആനന്ദ് അംബാനിയും- രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. മഴ പെയ്യുന്നത് നിന്നാലും മരം പെയ്യുന്നത് തുടരും എന്ന് പറയും പോലെ, വിവാഹം കഴിഞ്ഞിട്ടും വിവാഹ വാർത്തകൾ തുടരുന്നു. വിവാഹത്തിനെത്തിയ പ്രമുഖർ ആരൊക്കെ, ഭക്ഷണ വിഭവങ്ങൾ എന്തൊക്കെ, അ‌ംബാനി കുടുംബാംഗങ്ങൾ ധരിച്ച വസ്ത്രങ്ങൾ എന്തൊക്കെ, ആഭരണങ്ങൾ എന്തൊക്കെ, വാഹനങ്ങൾ ഏതൊക്കെ, കല്യാണം നടത്താൻ അ‌ംബാനിക്ക് എത്ര കോടി ചെലവായി… തുടങ്ങി എണ്ണമില്ലാത്ത വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇനിയും ഏറെ വാർത്തകൾ വരാനുമിരിക്കുന്നു.

പറഞ്ഞുതീരാത്തത്ര വിവാഹ വിശേഷങ്ങൾ ഇനിയും പറയാനുണ്ടെന്നിരിക്കേ, അ‌ംബാനിക്കല്യാണവുമായി ബന്ധപ്പെടുത്തി ചിലർ വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്. അ‌ംബാനിയുടെ വീട്ടിലെ കല്യാണം നിറഞ്ഞു നിൽക്കുന്നതിനിടയിൽ ഒരു വ്യാജ വാർത്ത ചുമ്മാ തട്ടിവിട്ടാൽ അ‌ത് ഏറ്റെടുക്കാനും ആളുണ്ടാകും എന്ന ചില വിരുതന്മാരുടെ കണക്കുകൂട്ടലിൽ നിന്നാകാം ജിയോയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വ്യാജ വാർത്ത വാട്സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്.

ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിൻ്റെ ഭാഗമായി റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് 3 മാസത്തെ സൗജന്യ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാർത്ത. മകന്റെ കല്യാണത്തിനായി കോടികൾ ചെലവഴിച്ച അ‌ംബാനി ഇതും ചെയ്തേക്കും എന്ന് കേൾക്കുന്ന ചിലരെങ്കിലും വിശ്വസിച്ചേക്കും. എന്നാൽ ഇത് തികച്ചും വ്യാജ വാർത്തയാണ്.

പ്രധാനമായും ഹിന്ദിയിലാണ് ഇത്തരം ഒരു സന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ സൗജന്യ റീച്ചാർജ് ഓഫർ നേടുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന സന്ദേശത്തോടൊപ്പം ഒരു വ്യാജ ലിങ്കും പ്രചരിക്കുന്നുണ്ട്. എന്നാൽ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ജിയോ സൗജന്യ ഡാറ്റ നൽകുന്നു എന്ന വാർത്ത തികച്ചും വ്യാജമാണ് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇപ്പോൾ വാട്സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ മലയാളം ഇങ്ങനെയാണ്: “ജൂലൈ 12 ന് അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച്, മുകേഷ് അംബാനി ഇന്ത്യയിലെ എല്ലാവർക്കും 799 രൂപയുടെ 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു. അതിനാൽ ഇപ്പോൾ താഴെയുള്ള നീല ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യുക.”

എന്നാൽ ഉപയോക്താക്കൾക്ക് സൗജന്യ റീച്ചാർജ് ഓഫർ നൽകിയിട്ടില്ലെന്നും അത്തരം സന്ദേശങ്ങൾ വിശ്വസിച്ചാൽ ചിലപ്പോൾ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാമെന്നും ജിയോ മുന്നറിയിപ്പ് നൽകി. MyJio ആപ്പ് പോലുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെയോ Google Pay പോലുള്ള വിശ്വസനീയമായ ഓൺലൈൻ പേയ്‌മെൻ്റ് ആപ്പുകൾ വഴിയോ മാത്രമേ റീച്ചാർജ് ചെയ്യാവൂ എന്നും ജിയോ തങ്ങളുടെ വരിക്കാരെ ഉപദേശിക്കുന്നു.

സമ്മാന പദ്ധതികളുടെ പേരിൽ വ്യാജ ലിങ്കുകൾ പ്രചരിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്നത് തട്ടിപ്പുകാരുടെ സ്ഥിരം രീതിയാണ്. ഇപ്പോൾ അ‌ംബാനിയുടെ മകന്റെ കല്യാണവും തട്ടിപ്പുകാർ അ‌വസരമായി കണ്ട് ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. സൗജന്യ റീച്ചാർജിനായി നീല ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന നിർദേശമാണ് ഈ തട്ടിപ്പിന്റെ ആണിക്കല്ല്. ഇത്തരം അ‌ജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ സുപ്രധാന വിവരങ്ങൾ പലതും നഷ്ടമായെന്നിരിക്കും.

ഇത്തരത്തിൽ വാഗ്ദാനങ്ങൾ അ‌ടങ്ങിയ മെസേജുകൾ കണ്ടാൽ അ‌ത് അ‌പ്പടി വിശ്വസിക്കാതെ, മെസേജിന്റെ ആധികാരികത ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ നൽകിയിട്ടുള്ള വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യണം. കൂടാ​തെ സംശയാസ്പദമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുകയും വേണം. ഇതിലൂടെ മറ്റുള്ളവർ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകുന്നത് ഒഴിവാക്കാൻ സാധിക്കും.

Comments are closed.