നിക്ഷേപകരെ സന്തോഷിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഐസിഐസിഐ ബാങ്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പലിശ നിരക്ക് 25 ബിപിഎസ് വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്.
ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ബാങ്കിൽ നിന്ന് 2.75 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും. 91 ദിവസത്തിനും 184 ദിവസത്തിനും ഇടയിൽ നിക്ഷേപം നടത്തുന്നവർക്ക് ഇപ്പോൾ 4 ശതമാനം പലിശ ലഭിക്കും. നേരത്തെ പലിശ നിരക്ക് 3.75 ശതമാനം മാത്രമായിരുന്നു.
185 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ 4.65 പലിശ ലഭിക്കും. 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2 മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശയും 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.90 പലിശയുമാണ് ബാങ്ക് നൽകുന്നത്. അതേസമയം മുതിർന്ന പൗരന്മാർക്ക് സാധാരണയിൽ നിന്നും ഉയർന്ന പലിശ നിരക്കായിരിക്കും ലഭിക്കുക.