Author

MALABAR BUSINESS

Browsing

ഏഷ്യയിലെ അതിസമ്പന്നൻ ആണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എന്നു ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ നിലയ്ക്കു ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ല. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, വിപണി മൂലധനത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമാണ്. ജൂൺ 28 വരെയുള്ള കണക്കുകൾ പ്രകാരം റിലയൻസിന്റെ വിപണിമൂല്യം 21,18,951.20 കോടി രൂപയാണ്.

സമ്പത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയെ നിലവിൽ തോൽപ്പിക്കാൻ ആളില്ല. എന്നാൽ വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ കളി ആകെ മാറും. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് റിലയൻസ് അല്ല. ബ്രാൻഡ് മൂല്യത്തിൽ 9 ശതമാനം വളർച്ചയോടെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന സ്ഥാനം നിലനിർത്തിയിരിക്കുകയാണ് രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ്.
ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസി സ്ഥാപനമായ ‘ബ്രാൻഡ് ഫിനാൻസ്’ ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ടാറ്റ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യം 28.6 ബില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 2,38,390 കോടി രൂപ. ഓട്ടോമൊബൈൽ ഉൾപ്പെടെ വിവിധ ബിസിനസ് മേഖലകളിൽ ടാറ്റ ഗ്രൂപ്പ് സജീവമാണ്. 30 ബില്യൺ യുഎസ് ഡോളർ ബ്രാൻഡ് മൂല്യനിർണ്ണയം കൈവരിക്കാനൊരുങ്ങുന്ന ആദ്യ ഇന്ത്യൻ ബ്രാൻഡ് കൂടിയാണിത്.
ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം, നാരായണമൂർത്തിയുടെ ഇൻഫോസിസ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയത് എച്ച്ഡിഎഫ്സി ഗ്രൂപ്പാണ്. ആഗോള ഐടി സേവനമേഖലയിലെ മാന്ദ്യത്തിനിടയിലും ഐടി ഭീമന്റെ ബ്രാൻഡ് മൂല്യം 14.2 ബില്യൺ യുഎസ് ഡോളറിലെത്തി. എച്ച്ഡിഎഫ്സി ഗ്രൂപ്പിന്റെ മൂല്യം 10.4 ബില്യൺ ഡോളറാണ്.
2024 ലെ ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 റിപ്പോർട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടൽ ആണ് ഏറ്റവും ശക്തമായ ഇന്ത്യൻ ബ്രാൻഡ്. ടെലികോം മേഖല ബ്രാൻഡ് മൂല്യത്തിൽ 61% വളർച്ച കൈവരിച്ചു. തുടർന്ന് 26 ശതമാനം വളർച്ചയോടെ ബാങ്കിംഗ് മേഖലയാണ്. ഖനനം, ഇരുമ്പ്, ഉരുക്ക് മേഖലകൾ 16% ശരാശരി വളർച്ച രേഖപ്പെടുത്തി.

വമ്പൻ കമ്പനികൾ കൈകാര്യം ചെയ്യുമ്പോഴും രത്തൻ ടാറ്റ എന്തുകൊണ്ട് കോടീശ്വര പട്ടികയിൽ സ്ഥാനം പിടിക്കുന്നില്ലെന്ന സംശയം നിങ്ങൾക്ക് ഉണ്ടാകുന്നത് ന്യായമാണ്. ഇതിനു കാരണം അദ്ദേഹത്തിലെ നന്മയാണ്. വരുമാനത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്കും, സന്നദ്ധ സേവനങ്ങൾക്കുമായി മാറ്റിവയ്ക്കുന്നു. സ്വന്തം വളർച്ചയിൽ അല്ല, സമൂഹത്തിന്റെ വളർച്ചയിലാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ഇന്ത്യന്‍ നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടിനോട് അടുക്കവെ വില്‍പ്പനയില്‍ കുതിപ്പ് തുടര്‍ന്ന് മാരുതി സുസുക്കി സ്വിഫ്റ്റ്. 30 ലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടമാണ് സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്നത്.

2005ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 2013ലാണ് കാറിന്റെ വില്‍പ്പന പത്തുലക്ഷം കടന്നത്. 2018ല്‍ അത് 20 ലക്ഷം പിന്നിട്ടു. ലോകമെമ്പാടുമായി 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI വഴി പണം നല്‍കാനാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയില്‍ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം അതത് വകുപ്പുകളാണ് ഒരുക്കേണ്ടത്.

കൊച്ചി: വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് റിസര്‍വ് ബാങ്ക് കുത്തനെ കുറയ്ക്കുന്നു. ആഭ്യന്തര സ്വര്‍ണ ശേഖരം കുത്തനെ വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിദേശത്ത് നിന്നും സ്വര്‍ണം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് റിസര്‍വ് ബാങ്ക് ശ്രദ്ധയൂന്നുന്നത്. കഴിഞ്ഞ മാസം യുകെയില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. നിലവില്‍ മൊത്തം സ്വര്‍ണ ശേഖരത്തിന്‍റെ 47 ശതമാനം മാത്രമാണ് വിദേശത്തുള്ളത്. റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ച 2022ന് ശേഷമാണ് റിസര്‍വ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ തുടങ്ങിയത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വിദേശ നാണയ ശേഖരം അമെരിക്ക മരവിപ്പിച്ചതോടെ വിദേശത്ത് സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ സൂക്ഷിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ മടിക്കുകയാണ്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ കൈവശം 822.1 ടണ്‍ സ്വര്‍ണമാണുള്ളത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്ന സ്വര്‍ണ ശേഖരത്തിന്‍റെ അളവ് 39 ശതമാനത്തില്‍ നിന്ന് 53 ശതമാനമായാണ് ഉയര്‍ന്നത്.

ഇതിനിടെ വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 19 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്.

കഴിഞ്ഞ വര്‍ഷം സ്വര്‍ണ ശേഖരത്തില്‍ 16 ടണ്ണിന്‍റെ വർധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ഇതിലൂടെ കഴിയുമെന്ന് വിലയിരുത്തുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വര്‍ണത്തിന് പ്രിയം കൂട്ടുകയാണ്.

സംസ്ഥാനത്ത് 2 ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്നു വർധന. ഇന്ന് (02/07/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6635 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2000 രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്ന് വർധന വന്നിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്‍റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.

പരിധിയില്ലാതെ കോളുകളും ഇന്‍റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്‍റെ പ്ലാൻ 509, 1799ന്‍റെ പ്ലാൻ 1999 എന്നിങ്ങനെയാകും.

479 രൂപയുടെ ഡെയ്‌ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്‌ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്‍റെ പ്ലാന്‍ 349 രൂപയും 359ന്‍റെ പ്ലാന്‍ 409 രൂപയും 399ന്‍റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.

ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ്‌വർക്ക് എന്ന നേട്ടം സ്വന്തമാക്കി പ്രമുഖ ടെലികോം സേവന ദാതാവായ ജിയോ. പ്രമുഖ അനലറ്റിക്സ് സ്ഥാപനമായ ഓക്ല പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 5ജി ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് വേഗതയിൽ ജിയോയാണ് മുൻപന്തിയിൽ എത്തിയിരിക്കുന്നത്. 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ ആഗോള തലത്തിൽ 333.75 സ്കോറാണ് ജിയോ നേടിയിരിക്കുന്നത്. ജിയോയുടെ പരമാവധി ഡൗൺലോഡ് വേഗത 416.55 എംബിപിഎസും, അപ്‌ലോഡ് വേഗത 21.20 എംബിപിഎസുമാണ്. അതേസമയം, 179.49 സ്കോർ നേടിയ ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്.

5ജി നെറ്റ്‌വർക്കുകൾക്കുള്ള 9 അവാർഡുകൾ ഒരുമിച്ച് നേടുന്ന ലോകത്തെ ആദ്യ ടെലികോം സേവന ദാതാവ് എന്ന നേട്ടവും ഇക്കുറി ജിയോ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച മൊബൈൽ നെറ്റ്‌വർക്ക്, വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്ക്, മികച്ച മൊബൈൽ കവറേജ്, മികച്ച റേറ്റ് ചെയ്ത മൊബൈൽ നെറ്റ്‌വർക്ക്, മികച്ച മൊബൈൽ വീഡിയോ അനുഭവം, മികച്ച ഗെയിമിംഗ് അനുഭവം, ഏറ്റവും വേഗതയേറിയ 5ജി മൊബൈൽ നെറ്റ്‌വർക്ക്, മികച്ച 5ജി മൊബൈൽ വീഡിയോ അനുഭവം, മികച്ച 5ജി മൊബൈൽ അനുഭവം എന്നീ മേഖലകളിലുള്ള 9 അവാർഡുകളാണ് ജിയോ കരസ്ഥമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള വാർഷിക പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. ഓരോ വാർഷിക പ്ലാനിലും ആകർഷകമായ ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യാറുള്ളത്. അടുത്തിടെ ജിയോ അവതരിപ്പിച്ച എല്ലാ പ്ലാനുകളും ഒടിടി ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഇപ്പോഴിതാ ഉപഭോക്താക്കളെ ഞെട്ടിക്കാൻ പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഒടിടി ആനുകൂല്യങ്ങളും ഒരു വർഷത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനിന്റെ നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് പരിചയപ്പെടാം.

വാർഷിക പ്ലാനായതിനാൽ 365 ദിവസം വരെയാണ് വാലിഡിറ്റി ലഭിക്കുക. ഈ ഉയർന്ന വാലിഡിറ്റി ലഭിക്കുന്നതിനായി 3,227 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ ഡാറ്റ പരിധി അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസായി കുറയും. മൊത്തം വാലിഡിറ്റി കണക്കാക്കുമ്പോൾ ഒരു വർഷത്തേക്ക് 730 ജിബി ഡാറ്റയാണ് ലഭിക്കുക. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും, പ്രതിദിനം 100 എസ്എംഎസും സൗജന്യമായി നൽകുന്നുണ്ട്. ഒരു വർഷത്തേക്കുള്ള ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിലേക്കുള്ള സൗജന്യ ആക്സിസ് ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. ആമസോൺ പ്രൈം അല്ല, പ്രൈം വീഡിയോ ആക്സസാണ് ലഭിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പുറമേ, ജിയോ ടിവി, ജിയോക്ലൗഡ്, ജിയോ സിനിമ തുടങ്ങിയ സർവീസിലേക്കും സൗജന്യ ആക്സസ് ലഭിക്കുന്നതാണ്.

ഓരോ ദിവസം കഴിയുന്തോറും നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്ലാറ്റ്ഫോമാണ് എക്സ്. ഇത്തവണ രണ്ട് പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് മസ്ക് അവതരിപ്പിക്കുന്നത്. ബേസിക്, പ്ലസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് പ്രീമിയം പ്ലാനുകൾ എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അറിയിച്ചത്. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

നിലവിലുള്ള പ്ലാനുകളെക്കാൾ താരതമ്യേന വരിസംഖ്യ കുറഞ്ഞ പ്ലാനാണ് ബേസിക്. എന്നാൽ, ഉള്ളതിൽ വച്ച് ഏറ്റവും വരിസംഖ്യ കൂടുതൽ പ്ലസ് പ്ലാനുകൾക്കാണ്. പ്ലസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് നിരവധി അധിക ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് പ്രത്യേകത. ഇവയിൽ പരസ്യരഹിത സേവനമാണ് ഉണ്ടായിരിക്കുക. എന്നാൽ, വരിസംഖ്യയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ, ഈ 2 പ്ലാനുകൾ എപ്പോൾ അവതരിപ്പിക്കുന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങൾ മസ്ക് പങ്കുവെച്ചിട്ടില്ല.

ഇന്ത്യയിൽ ഡെസ്ക്ടോപ്പ് ആപ്പ് ഉപയോഗിക്കുന്നതിനായി വാർഷിക പ്രീമിയം പ്ലാനുകൾക്ക് 6,800 രൂപയും, പ്രതിമാസ പ്ലാനിന് 650 രൂപയുമാണ് നിരക്ക്. എന്നാൽ, മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവർ വാർഷിക പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനായി 9,400 രൂപയാണ് അടയ്ക്കേണ്ടത്. പ്രതിമാസ നിരക്ക് 900 രൂപയാണ്.

അടിയന്തര ഘട്ടങ്ങളിലെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകൾ. പ്രത്യേക പലിശ നിരക്കിൽ നിശ്ചിത തിരിച്ചടവ് കാലാവധി അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കളെ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കുന്നതിനായി ബാങ്കുകൾക്ക് സമാനമായ രീതിയിൽ വായ്പ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. ബാങ്കുകളുമായും, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്താണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി ഗൂഗിൾ പേ വായ്പ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

സാഷെ ലോൺ എന്ന പേരിലാണ് ഇവ ഗൂഗിൾ പേ ആപ്ലിക്കേഷൻ ദൃശ്യമാക്കുക. നിലവിൽ, ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് വായ്പ നൽകുന്നത്. ഉപഭോക്താക്കൾക്ക് 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. 7 ദിവസം മുതൽ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന രീതിയിലാണ് തിരിച്ചടവ് കാലാവധി ക്രമീകരിച്ചിട്ടുള്ളത്. ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ മുതൽ ഒരു വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇവ 111 രൂപ മുതലുള്ള ഇഎംഐകളായി തിരിച്ചടിക്കാവുന്നതാണ്. ഇ പേ ലേറ്ററുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. അതേസമയം, ആക്സിസ് ബാങ്കുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ നൽകാൻ ഗൂഗിൾ പേ തീരുമാനിച്ചിട്ടുണ്ട്.