Author

MALABAR BUSINESS

Browsing

സ്റ്റാർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ ഓഹരികൾ സ്വന്തമാക്കി ഗൗതം അദാനി. ട്രെയിൻമാന്റെ 30 ശതമാനം ഓഹരികളാണ് അദാനി എന്റർപ്രൈസസ് സ്വന്തമാക്കിയത്. എസ്ഇപിഎല്ലിന്റെ 100 ശതമാനം ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

അദാനി ഡിജിറ്റൽ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 3.56 കോടി രൂപയ്ക്ക് എസ്ഇപിഎല്ലിന്റെ 29.81 ശതമാനം ഓഹരികൾ വാങ്ങിയതായി ശനിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അദാനി എന്റർപ്രൈസസ് അറിയിച്ചു. 2022-23 സാമ്പത്തിക വർഷം എസ്ഇപിഎൽ 4.51 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കിയിരുന്നു.

ട്രെയിൻമാനെ അദാനി ഏറ്റെടുക്കുന്നതിലൂടെ ഒടുവിൽ ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി ആപ്പ് സ്വന്തമാക്കുമെന്ന് കഴിഞ്ഞ മാസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു. പിന്നാലെ ഈ ആരോപണം നിഷേധിച്ച് ഐആർസിടിസി പ്രസ്താവന ഇറക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 14.5 ലക്ഷം റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ 81 ശതമാനവും ഇ-ടിക്കറ്റുകളും ഐആർസിടിസി വഴി തന്നെ ബുക്ക് ചെയ്തവയുമാണ്. അതിനാൽ, ഐസിആർസിറ്റിയും ട്രെയിൻമാൻ ഉൾപ്പെടെയുള്ള ഏജന്റുമാരും തമ്മിൽ ഒരു മത്സരവുമില്ലെന്നും ഐആർസിടിസി വ്യക്തമാക്കി.

വ്യവസായികളായ വിനീത് ചിരാനിയയും കരൺ കുമാറും ചേർന്ന് 2011-ലാണ് ട്രെയിൻമാൻ ആരംഭിച്ചത്. പിഎൻആർ (പാസഞ്ചർ നെയിം റെക്കോർഡ്) സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഒരു ഇന്ത്യൻ ട്രാവൽ ബുക്കിംഗ് ആപ്പാണിത്. സീറ്റ് ലഭ്യത, റണ്ണിംഗ് സ്റ്റാറ്റസ്, ടൈം ടേബിൾ, കോച്ച് പൊസിഷൻ, നിരക്ക് കാൽക്കുലേറ്റർ മുതലായവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ഈ ആപ്പിൽ ലഭിക്കും.

രാജ്യത്തുടനീളം വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് പൂട്ടിട്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അധികൃതർ. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, 15,000 കോടിയിലധികം നികുതി വെട്ടിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. മെയ് 16 മുതലാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.

പരിശോധനയ്ക്കായി 69,600-ലധികം ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 59,178 എണ്ണം ഫീൽഡ് ഓഫീസർമാർ പരിശോധിച്ചിട്ടുണ്ട്. ഇവയിൽ 16,989 ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ വ്യാജമാണെന്ന് കണ്ടെത്തി. പരിശോധനയിൽ 87 കോടി രൂപ അനധികൃതമായി കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുകാരെ കണ്ടെത്താൻ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് ജൂലൈ 15നാണ് അവസാനിക്കുക.

ജിഎസ്ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ബിസിനസുകൾക്ക്, ഐടിസി ക്ലെയിം ചെയ്യുന്നതിനും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമായി ആവശ്യമായ ജിഎസ്ടിഐഎൻ നൽകുന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾ അതത് സംസ്ഥാനങ്ങളിൽ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ നേടേണ്ടതുണ്ട്. ഈ നമ്പറുകളാണ് വ്യാജമായി സൃഷ്ടിച്ചിരിക്കുന്നത്.

വ്യക്തിഗത വായ്പ രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി ഫ്ലിപ്കാർട്ടും

വ്യക്തിഗത വായ്പ രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സൗകര്യം ഏർപ്പെടുത്തുന്നത്. നിലവിൽ, ഫ്ലിപ്കാർട്ടിൽ ‘ബൈ നൗ പേ ലേറ്റർ’സൗകര്യം ലഭ്യമാണ്. ഇതിന് പിന്നാലെയാണ് വ്യക്തിഗത വായ്പയും ഏർപ്പെടുത്തുന്നത്.

5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റൽ വായ്പകളാണ് ഇത്തരത്തിൽ നൽകുക. ഇതിനായി ഫ്ലിപ്കാർട്ടിലൂടെ 30 സെക്കന്റിനുള്ളിൽ പ്രോസസിംഗ് നടക്കുന്നതാണ്. 6 മാസം മുതൽ 36 മാസം വരെയാണ് വായ്പകളുടെ തിരിച്ചടവ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ, ഫ്ലിപ്കാർട്ടിന്റെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കും.

വ്യക്തിഗത വായ്പ ലഭിക്കുന്നതിനായി ആക്സിസ് ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ആക്സിസ് ബാങ്കുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാനാണ് ഫ്ലിപ്കാർട്ടിന്‍റെ ലക്ഷ്യം.

പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ. കമ്പനിയുടെ മൊത്തം മൂല്യം 14,900 കോടി ഡോളറാണ്. നിലവിലെ, വിപണി മൂല്യം വിലയിരുത്തിയതിനു ശേഷം ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് ഓഹരികൾ തിരികെ വാങ്ങാൻ സാധ്യത. ബൈ ബാക്കിന് ഇതിനോടകം ഡയറക്ടർ ബോർഡ് പച്ചക്കൊടി വീശിയിട്ടുണ്ട്. ഇനി റിലയൻസ് ഇൻഡസ്ട്രീസ്, കമ്പനി ലോ ട്രൈബ്യൂണൽ എന്നിലൂടെ അനുമതി ആവശ്യമാണ്.

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സാണ് റിലയൻസ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി. റിലയൻസ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ കൈവശമാണ് ഉള്ളത്. ബാക്കി 0.09 ശതമാനം മാത്രമാണ് പൊതുനിക്ഷേപകരുടെ കൈകളിൽ ഉള്ളത്. ഇവ കൂടി തിരിച്ചെടുത്ത ശേഷം 100 ശതമാനം ഓഹരി പങ്കാളിത്തവും നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിൽ ഇതുവരെ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് റിലയൻസ് റീട്ടെയിൽ.

മികച്ചൊരു ബിസിനസ് ആശയം കയ്യിലുണ്ടെങ്കിലും ഇവ നടപ്പിലാക്കി വിജയിപ്പിച്ചെടുക്കു എന്നത് മികച്ച ആസൂത്രണവും തയ്യാറെടുപ്പുകളും ആവശ്യമായ കാര്യമാണ്. ഓരോരുത്തരുടെയും താല്പര്യത്തിനൊത്ത ബിസിനസുകൾക്കൊപ്പം കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാവുന്ന ബിസിനസുകളെ തേടണം. ഇവ കാലത്തിനൊപ്പം വളരുന്നവയാണെങ്കിൽ അത്രയും നല്ലത്.

വിപണിയിൽ ഡിമാൻഡ് വളരെ കൂടുതലുള്ള ദൈന്യംദിന ജീവിതത്തിൽ ഓരോരത്തും ഉപയോ​ഗിക്കുന്ന സേവനങ്ങൾ നൽകുന്ന ബിസിനസുകൾ ആരംഭിക്കുന്നത് മികച്ച വരുമാനം ഉറപ്പ് നൽകും. പുതിയ കാലത്തെ സാധ്യതകൾ ഉപയോ​ഗപ്പെടുത്തി മാസ വരുമാനം തേടുന്നവർക്ക് പരി​ഗണിക്കാവുന്ന 5 ബിസിനസ് സാധ്യതകളാണ് ചുവടെ വിശദമാക്കുന്നത്

ഓൺലൈൻ ട്യൂഷനുകൾ
കോവിഡിന് ശേഷം എല്ലാവരും സ്വീകരിച്ചൊരു പഠന മാർ​ഗമാണ് ഓൺലൈൻ കോഴ്സുകൾ. വിദ്യാഭ്യാസ രം​ഗത്തെ ഓൺലൈൻ സാധ്യതകൾ ഉപയോ​ഗപ്പെടുത്തി ട്യൂഷനുകൾ ഓൺലൈനായി നടത്താവുന്നതാണ്. അറിവുള്ള വിഷയങ്ങളിൽ ഓൺലൈൻ ട്യൂഷൻ നടത്തുന്നത് കൂടുതൽ പേരെ ഒന്നിച്ച് പഠിപ്പിക്കാനും നല്ല വരുമാനം ഉണ്ടാക്കാനുമുള്ള സാധ്യതയാണ്. ഇതോടൊപ്പം നിലവിലുള്ള ഓൺലൈൻ പഠന ആപ്പുകൾ ട്യൂട്ടർമാരെ തേടുന്നുണ്ട്. ഇവയിലേക്ക് ഓൺലൈനായി ക്ലാസ് എടുത്തു നൽകുന്നത് വരുമാനമുണ്ടാക്കാനുള്ള വലിയ സാധ്യതകൾ തുറക്കുന്നുണ്ട്.

സലൂൺ ബിസിനസ്
മാറുന്ന ട്രെൻഡിന് അനുസരിച്ച് ചലിക്കാൻ സാധിക്കുന്ന വൈദ​ഗ്ധ്യവുമുള്ള തൊഴിലാളികളുണ്ടെങ്കിൽ സലൂൺ ബിസിനസ് പണമുണ്ടാക്കനുള്ള മികച്ച മാർ​ഗങ്ങളിലൊന്നാണ്. സൗന്ദര്യ സങ്കല്പങ്ങളെ സംബന്ധിച്ച് കൂടുതൽ ചിന്തിക്കുന്ന കാലത്ത് ഇതിനൊത്ത സേവനങ്ങൾ നൽകാൻ സാധിക്കുന്ന ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമാണ് സലൂൺ ബിസിനസിന്റെ പ്രധാന മുതൽ മുടക്ക്. ചെറിയ അടിസ്ഥാന സൗകര്യങ്ങളിൽ തുടങ്ങി സൗകര്യങ്ങൾ വികസിപ്പിക്കുയുമാകാം.

കാർ വാഷിംഗ് സെന്റർ
ജനങ്ങൾ കൂടുതൽ തിരക്കുള്ളവരാകുന്ന കാലത്ത്, വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സമയത്ത് വാഹനങ്ങൾ കഴുകി വൃത്തിയാക്കുന്ന വാഷിം​ഗ് സെന്ററുകൾ ബിസിനസ് സാധ്യത വർധിപ്പിക്കുന്നു. തിരിക്കുള്ള കാലത്ത് വാഹനം കഴുകാൻ പുറത്തുള്ള കേന്ദ്രങ്ങളെയാണ് ഭൂരിഭാ​ഗം പേരും ആശ്രയിക്കുന്നത്. ചുരുങ്ങിയ മുതൽ മുടക്കാണ് ഇവയുടെ പ്രത്യേകത. വെള്ളവും വാഹനം കഴുകാൻ ഉപയോ​ഗിക്കുന്ന ഹൈപ്പവർ പമ്പുകളും ആവശ്യമാണ്. അധികം ഓട്ടോമേഷനിലേക്ക് പോകാതെ ചെറിയ രീതിയിൽ തുടങ്ങാവുന്നതാണ്. ബൈക്കും കാറും മുതൽ വലിയ വാഹനങ്ങൾ വരെ ഉപഭോക്താക്കളായി ലഭിക്കും.

ഗ്രോസറി ഷോപ്പുകൾ
വൻകിട ബ്രാൻഡുകളുടെ സൂപ്പർ മാർക്കറ്റുകൾ വിപണിയലുണ്ടെങ്കിലും ​ചെറുകിട പലചരക്കു കടകളുടെ സാന്നിധ്യം അപ്രത്യക്ഷമായിട്ടില്ല. വീടുകളിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങൾ വില്ക്കുന്ന ഇത്തരം കടകൾ മാന്യമായ ലാഭം നൽകുന്നവയാണ്. നിത്യോപയോഗ സാധനങ്ങൾ സ്റ്റോക്ക് ചെയ്തു ബിസിനസ് ആരംഭിക്കാം. സ്ഥിരമായ ഉപഭോക്താക്കളെ കണ്ടെത്തിയാൽ വലിയ നേട്ടമുണ്ടാക്കാം.

ടിഫിൻ സർവീസ്
ഭക്ഷണത്തോടുള്ള താൽപര്യം പോലെ തന്നെയാകും പലർക്കും ഭക്ഷണ ബിസിനസിനോടുള്ള താൽപര്യവും. ഇത് വിപണിയിലും കാണാവുന്നതാണ്. വളരെയധികം ഫുഡ് ബിസിനസുകൾ ഇന്ന് ആരംഭിക്കുന്നുണ്ട്. ഇതിൽ തന്നെ ചെലവ് കുറഞ്ഞ രീതിയിൽ ആരംഭിക്കാൻ സാധിക്കുന്നൊരു ബിസിനസ് രൂപമാണ് ടിഫിൻ സർവീസ്. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്ന വീടുകളിൽ നിന്ന് മാറി താമസിക്കുന്ന, ജോലി ചെയ്യുന്ന പ്രൊഫഷണലുകളോ വിദ്യാർത്ഥികളോ ആയിരിക്കും പ്രധാന ഉപഭോക്താക്കൾ. വീടിനോട് ചേർന്നുള്ള സ്ഥലത്ത് തന്നെ ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാം. മൗത്ത് പബ്ലിസിറ്റിയാണ് ഇത്തരം ബിസിനസുകളുടെ വിജയം. ഇതിനാൽ രുചികരമായ ഭക്ഷണം വിളമ്പാൻ ശ്രദ്ധിക്കുന്നത് ബിസിനസിനെ വളർത്തും.

ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും എളുപ്പമായിരുന്നില്ല പേടിഎം എന്ന എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിന്റെ പിറവി.

സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പ്രതിസന്ധികളെ അവസരമാക്കിയാണ് ഈ സ്റ്റാര്‍ട്ടപ്പ് പിറന്നത്. അവസരങ്ങളില്‍ പേടിഎം വളര്‍ന്നപ്പോള്‍ വിജയ് ശേഖര്‍ ശര്‍മയും സമ്പന്നനായി. 10,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് ഇന്ന് 1.2 ബില്യൺ ഡോളർ ആസ്തിയുടെ ഉടമയമാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 92-ാം സ്ഥാനത്തേക്കുള്ള വിജയ് ശേഖറിന്റെ വളര്‍ച്ച സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു.

സാധാരണ കുടുംബത്തിൽ നിന്ന് കോടീശ്വരനിലേക്ക്:  1978-ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സാധാരണ കുടുംബത്തിലാണ് വിജയ് ശേഖർ ശർമ്മ ജനിക്കുന്നത്. സ്കൂൾ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശർമ്മയുടെയും നാല് മക്കളിൽ മൂന്നാമൻ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വിജയ് ശേഖർ അന്നത്തെ ഡൽഹി കോളേജ് ഓഫ് എൻജിനീയറിം​ഗ് കോളേജിൽ അഥവാ ഇന്നത്തെ ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നു. ബിടെക് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴേക്കും തന്റെ വിജയം ഇന്റർനെറ്റ് മേഖലയിലായിരിക്കുമെന്ന് ഈ അലി​ഗഡുകാരൻ ഉറപ്പിച്ചിരുന്നു

90കളുടെ അവസാനകാലത്ത് indiasite.net എന്ന വെബ്‌സൈറ്റ് ആരംഭിച്ച വിജയ് ശേഖർ രണ്ട് വർഷത്തിന് ശേഷം അഞ്ചുലക്ഷം രൂപയ്ക്കാണ് ഈ വെബ്സൈറ്റ് വില്പന നടത്തിയത്. അന്നൊരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ആദ്യ വെബ്സൈറ്റ് നിർമാണം. വെബ് കണ്ടന്റുകളുടെ സാധ്യത മനസിലാക്കിയ വിജയ് ശേഖർ തന്റെ മുഴുവൻ സമ്പാദ്യവും ഉപയോ​ഗപ്പെടുത്തിയാണ് 2003 ൽ One97 കമ്മ്യൂണിക്കേഷൻസ് ആരംഭിക്കുന്നത്. വാർത്താ കണ്ടന്റ്, ക്രിക്കറ്റ് സ്‌കോറുകൾ, റിംഗ്‌ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ നൽകുന്നൊരു പ്ലാറ്റ്ഫോമായിരുന്നു One97 കമ്മ്യൂണിക്കേഷൻസ്. പേടിഎമ്മിന്റെ പാരന്റ് കമ്പനിയും ഇതുതന്നെ.

പരീക്ഷണങ്ങളുടെ കാലഘട്ടം:  One97 കമ്മ്യൂണിക്കേഷൻസിലേക്ക് എത്തുന്നതിന് മുൻപ് പ്രതിസന്ധികളുടെ സമയമായിരുന്നു. ബി ടെകിന് ശേഷം ഐഐടി പ്രവേശനം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇം​ഗ്ലീഷ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചും വെബ് കോഡിംഗിലുണ്ടായ താലപര്യത്തിലുമാണ് വിജയ് ശേഖർ മുന്നോട്ട് പോയത്. സുഹൃത്തുക്കളുടെ സഹായത്തോടെ One97 കമ്മ്യൂണിക്കേഷൻസ് തുടങ്ങിയതോടെ കയ്യിൽ പണമില്ലാതായി. പിന്നീട് കമ്പനിയെ നിലനിർത്താൻ പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ ജോലിയും ചെയ്തു.

പേടിഎം തുടങ്ങുന്നു:  2004ൽ One97 കമ്മ്യൂണിക്കേഷൻസിന്റെ 40 ശതമാനം ഓഹരികൾ എട്ട് ലക്ഷം രൂപയ്ക്ക് വിജയ് ശേഖറിന്റെ സുഹൃത്ത് വാങ്ങി. ഇത് കൂടുതൽ നിക്ഷേപം നടത്താൻ വിജയ് ശർമയെ പ്രേരിപ്പിച്ചു. 2010-ൽ ഇന്ത്യയിൽ 3ജി നെറ്റ്‌വർക്ക് പ്രചാരം ലഭിച്ചതോടെ അവസരം മനസിലാക്കിയാണ് അദ്ദേഹം One97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2011 ൽ ആരംഭിച്ച പേടിഎം തുടക്കത്തിൽ വാലറ്റ് സൗകര്യം, ബസ് ടിക്കറ്റ് ബുക്കിം​ഗ്, ബിൽ പെയ്മെന്റ്, സിനിമാ ടിക്കറ്റ്, തീവണ്ടി, വിമാന ടിക്കറ്റ് എന്നീ മേഖലയിലാണ് പ്രവർത്തിച്ചത്. പേടിഎ സ്ഥാപിച്ച 10 മാസത്തിനുള്ളിൽ 15 ദശലക്ഷം വാലറ്റുകൾ ഉണ്ടാക്കാൻ പേടിഎമ്മിന് സാധിച്ചു.

2016 ലെ നോട്ട് അസാധുവാക്കൽ പേടിഎമ്മിനെ വലിയ രീതിയിൽ തുണച്ചു. പേടിഎം ഇടപാടുകളിൽ 700 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം എത്തി. ഇത് രണ്ട് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ മൂല്യനിർണ്ണയം നേടാൻ പേടിഎമ്മിനെ സഹായിച്ചു. ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാർ പേടിഎം ഉപയോ​ഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാൾ എന്ന പേരിൽ ഇ-കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖർ ആരംഭിച്ചിട്ടുണ്ട്.

 വിജയ് ശേഖറിൻ്റെ ആസ്തി: 2021 നവംബറിലാണ് പേടിഎം ഓഹരി വിപണിയിൽ ലിസറ്റ് ചെയ്തത്. എന്നാൽ പ്രാരംഭ ഓഹരി വില്പനയ്ക്ക് ശേഷം പേടിഎം ഓഹരികൾക്ക് നല്ല കാലമായിരുന്നില്ല. ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഫോബ്സിന്റെ 2022 ലെ കണക്ക് പ്രകാരം 1.2 ബില്യണ്‍ യുഎസ് ഡോളറാണ് വിനോദ് ശേഖര്‍ ശര്‍മയുടെ ആസ്തി. 2019 തില്‍ പേടിഎം ഐപിഒയ്ക്ക് മുന്‍പ് 2.6 ബില്യണ്‍ ഡോളറായരുന്നു. ഇവിടെ നിന്ന് ആസ്തിയിൽ ഇടിവാണ് രേഖരപ്പെടുത്തുന്നത്. നിലവിൽ കമ്പനിയുടെ സിഇഒയാണ് അദ്ദേഹം.

കോവിഡിന് ശേഷം ഉണർന്നിരിക്കുന്ന സമ്പദ്വ്യവസ്ഥ, ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നത് വിദേശ രാജ്യങ്ങളിൽ കോവിഡാന്തരം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള കാരണം. ഇന്ത്യ ഉന്നതരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ നൈപുണ്യം എന്നിവ വിദേശ തൊഴിൽ വിപണിയിൽ മുന്നിട്ട് നിർത്തുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ നാടുകളിലും അടക്കം വിവിധയിടങ്ങളിൽ തൊഴിൽ ഇന്ത്യക്കാരുടെ സാന്നിദ്ധ്യത്തിന് കാരണവും ഇത് തന്നെയാണ്.

ഇത്തരത്തിൽ ഇന്ത്യക്കാർ കൂടുതലായി കാണുന്നൊരിടമാണ് കാനഡ. ഈ വടക്കേ അമേരിക്കൻ രാജ്യത്ത് ഇന്ത്യൻ സമൂഹം വളരെ ശക്തമാണ്. ഇതിനാൽ പുതുതായി കാനഡയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് പരിചയ കുറവ് തോന്നേണ്ട ആവശ്യം തന്നെയില്ല. കാനഡയിൽ ജോലി നോക്കുന്നവരാണെങ്കിൽ സർക്കാർ മേഖലയിലുള്ള ഈ തൊഴിൽ ഉപകാരപ്പെടും.

അവസരം ദേശിയ പാർക്കുകളിൽ ദേശീയ പാർക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഫെഡറൽ ഏജൻസിയായ പാർക്കുകൾ കാനഡയാണ് വിവിധ ഒഴിവുകളിലേക്ക് ഒഴിവുകളിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കാനഡയിലെ നാഷണൽ പാർക്കുകളിലേക്കാണ് അവസരം. മണിക്കൂറിനാണ് ശമ്പളം കണക്കാക്കുന്നത്. കാനഡയിലുടനീളമുള്ള ദേശീയ പാർക്കുകൾ, ദേശീയ ചരിത്ര സ്ഥലങ്ങൾ, ദേശീയ സമുദ്ര സംരക്ഷണ മേഖലകൾ, നഗര പാർക്കുകൾ എന്നിവിടങ്ങളിൽ തൊഴിലവസരമുണ്ട്.

അവസരങ്ങൾ ഈ മേഖലയിൽ പാർക്ക്സ് കാനഡ പ്ലംബർ, മരപ്പണിക്കാർ, ഇലക്ട്രീഷ്യൻ, ഹെവി-ഡ്യൂട്ടി മെക്കാനിക്ക്, മെക്കാനിക്ക്, വാട്ടർ ഓപ്പറേറ്റർ, പെയിന്റർ, ഡ്രൈവർമാർ/ഓപ്പറേറ്റർമാർ, കരകൗശല വിദഗ്ധർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. പൈതൃക സംരക്ഷണം, മികച്ച സന്ദർശന അനുഭവങ്ങൾ ഉറപ്പാക്കൽ എന്നിവയോടൊപ്പം പാർക്കുകളിലെ തനതായ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ജോലികൾ സ്വീകരിക്കേണ്ടി വരും.

ശമ്പളം ജോലിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് അനുസരിച്ച് പാർക്ക്സ് കാനഡ നൽകുന്ന ശമ്പളം പ്രതിവർഷം 52,662 ഡോളർ മുതൽ 64,070 ഡോളർ വരെ വരും. മണിക്കൂറിന് 24.98 ഡോളർ മുതൽ 37.75 ഡോളർ വരെ ശമ്പളം (1551.86 രൂപ മുതൽ 2345.18 രൂപ വരെ) ലഭിക്കും.

മണിക്കൂറിന് 37.75 ഡോളർ എന്ന ശമ്പളത്തിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്താൽ പ്രതിവർഷം $78,520 സമ്പാദിക്കാം. 48,77,970 ലക്ഷം രൂപ വരുമിത്. മാസ്സിൽ കണക്കാക്കിയാൽ 4 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.

എങ്ങനെ അപേക്ഷിക്കാം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ പാർക്ക് കാനഡ അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം വൈദഗ്ധ്യമുള്ള മേഖല തിരഞ്ഞെടുത്ത ഇഷ്‌ടപ്പെട്ട ജോലി സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. 2023 ഡിസംബർ 31 വരെ അപേക്ഷിക്കാൻ സാധിക്കും. തൊഴിൽ വിശദാംശങ്ങൾ ഒറ്റനോട്ടത്തിൽ നോക്കാം.

കമ്പനി: പാർക്ക്‌സ് കാനഡ

ശമ്പളം: മണിക്കൂറിന് $24.98 മുതൽ $37.75, അല്ലെങ്കിൽ പ്രതിവർഷം $52,662 മുതൽ $64,070 വരെ

അപേക്ഷകർ: അപ്രാന്റീസുകളോ ട്രേഡ് തൊഴിലാളികൾക്കോ ​​അപേക്ഷിക്കാം. പ്ലംബർ, മരപ്പണിക്കാർ, ഇലക്ട്രീഷ്യൻ, ഹെവി ഡ്യൂട്ടി മെക്കാനിക്, വാട്ടർ ഓപ്പറേറ്റർമാർ, പെയിന്റർ, ഡ്രൈവർ, വെൽഡർ, കരകൗശല തൊഴിലാളികൾ എന്നിവ കുറഞ്ഞു.

അവസരങ്ങൾ എവിടെ: ബാൻഫ് നാഷണൽ പാർക്ക്, യോഹോ നാഷണൽ പാർക്ക്, കൂറ്റെനെ നാഷണൽ പാർക്ക്, റൈഡിംഗ് മൗണ്ടൻ നാഷണൽ പാർക്ക്, ജാസ്പർ നാഷണൽ പാർക്ക്, മൗണ്ട് റെവെൽസ്റ്റോക്ക് നാഷണൽ പാർക്ക്, കെപ് ബ്രെട്ടൺ ഹൈലാൻഡ്സ് നാഷണൽ പാർക്ക് പാർക്ക് ചെയ്യാനുള്ള അവസരം. അപേക്ഷിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക.  https://parkscanada.hiringplatform.ca/processes/123740-skills-trades-inventory?locale=en

രക്ഷാകർതൃ അവധി, അസുഖ അവധി, പണമടച്ചുള്ള അവധി തുടങ്ങിയ ലീവ് പോളിസികൾ തൊഴിലാളികൾക്ക് ലഭിക്കും. ഇതോടൊപ്പം ആരോഗ്യ ഇൻഷൂറൻസ്, പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ആനുകൂല്യ പദ്ധതികൾക്കും തൊഴിലാളികൾക്കും അർഹരാണ്.

 

തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്‌ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളേജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനും യോഗ്യതയാണ്, സ്റ്റൈപന്റ് പ്രതിമാസം 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം.

എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ നിയമിക്കുന്നതിന്  ജൂലൈ 14-ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം/കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം സോഫ്റ്റ്വെയർ, ഹാര്‍ഡ് വെയര്‍ ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയറിൻറെ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.

കേരളത്തിലെ സർവകലാശാലകൾ അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് അംഗീകരിച്ചത്. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. പ്രായപരിധി 01.06.2023 ന് 40 വയസ് കവിയരുത്. പട്ടിക ജാതി പട്ടിക വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും വയസിളവ് ലഭിക്കും.

ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.

അപേക്ഷകൾ ജൂലൈ 10നു വൈകിട്ട് 5നു മുൻപ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2313385, 2314385. ഐ-മെയിൽ:    [email protected]