ഈ വർഷം തെന്നിന്ത്യൻ ആരാധകർ ഏറ്റവുമധികം കാത്തിരുന്ന ട്രെയ്‍ലറായിരുന്നു ’ലിയോ’യുടേത്. നാല് കോടിയിലേറെ ആളുകളാണ് ലിയോയുടെ ട്രെയ്‍ലർ യൂട്യൂബിൽ കണ്ടത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളെത്തിയെങ്കിലും പിന്നാലെ വിവാദങ്ങളുമുയർന്നിരുന്നു. ട്രെയ്‍ലറിൽ, പാർഥി എന്ന വിജയ്‍യുടെ കഥാപാത്രം തൃഷയോട് മോശം വാക്കുപയോഗിച്ചു എന്നാതിയിരുന്നു വിവാദത്തിന് കാരണമായത്. സ്ത്രീകളോട് മോശം വാക്കുകൾ പറയുന്നത് പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്ന് പ്രേക്ഷകർ പ്രതികരണത്തിലൂടെ അറിയിച്ചു. സംവിധായകൻ ലോകേഷ് കനകരാജ് ഇതിനോട് പ്രതികരിക്കുകയും ചെയ്തു.
എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നായിരുന്നു ലോകേഷ് പറഞ്ഞത്. മോശം വാക്കുകൾ ഉപയോഗിച്ച് സിനിമയിൽ അതിനെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും എന്നാൽ ചിത്രത്തിലെ ആ പ്രത്യേക രംഗത്തിൽ നടന്റെ വികാരം പ്രകടിപ്പിക്കാൻ അത് ആവശ്യമായിരുന്നുവെന്നും ലോകേഷ് പറഞ്ഞു. ആ കഥാപാത്രത്തിന്റെ ദേഷ്യവും വികാരവും കാണിക്കാൻ വയലൻസിലൂടെ പറ്റില്ല പക്ഷെ വാക്കുകളിലൂടെ കഴിയും. മത്രമല്ല, ആ രംഗം ചിത്രീകരിക്കുന്നതിനിടെ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും നടൻ വിജയ് തന്നോട് ചോദിച്ചതായും സിനിമയിലെ കഥാപാത്രം അത് ചെയ്യേണ്ടത് ആവശ്യമാണെന്ന് താൻ നടനോട് പറഞ്ഞതായും ലോകേഷ് വ്യക്തമാക്കി.
ഒക്ടോബർ 19-നാണ് ലിയോ റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക് കന്നട ഭാഷകളിലാണ് ട്രെയ്‍ലർ റിലീസ് ചെയ്തിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കുന്നത്.