മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ യുഎസ് ഡോളറിനെതിരെ റെക്കോർഡ് ഇടിവിലേക്ക് എത്തിയ രൂപ പിന്നീട് നേരിയ തോതിൽ മുന്നേറുകയായിരുന്നു. എന്നിരുന്നാലും, ആഭ്യന്തര ഓഹരി വിപണിയിലെ കനത്ത വിൽപ്പന സമ്മർദ്ദവും ക്രൂഡ് ഓയിൽ വില വർദ്ധനവും രൂപയെ വീണ്ടും തളർത്തിയിട്ടുണ്ട്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 49 പൈസ ഇടിഞ്ഞ് 81.89 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തിയതിനാൽ രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. വരും ദിവസങ്ങളിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 82 മുതൽ 83.5 രൂപ വരെ ഇടിയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
കഴിഞ്ഞ മാസം 28ന് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 81.93 ൽ എത്തിയിരുന്നു. 82 ലേക്ക് അടുത്ത രൂപ പിന്നീട് ഉയർന്നെങ്കിലും ഇന്ന് വീണ്ടും ഇടിഞ്ഞു.