വസ്തു ഈടിന്‍മേലുളള വായ്പകള്‍ സംരംഭകര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നു. വീടോ ഫ്‌ളാറ്റോ സ്ഥലമോ ഈടായി കൊടുത്ത് വാങ്ങുന്ന വായ്പകളാണ് എല്‍എപി എന്ന ഈ വിഭാഗത്തില്‍ പെടുന്നത്. വായ്പ എടുക്കുന്നവര്‍ ഇതു ഗ്യാരണ്ടിയായി നല്‍കുമ്പോഴും ആ വസ്തു അവര്‍ക്ക് ഉപയോഗിക്കാനാവും എന്നതാണ് ഏറ്റവും മികച്ച സവിശേഷകളിലൊന്ന്.

ഉയര്‍ന്ന വായ്പാ തുകയും കുറഞ്ഞ പലിശ നിരക്കുമുള്ളതിനാല്‍ ബിസിനസ് വളര്‍ച്ചയ്ക്കായുള്ള മികച്ചൊരു മാര്‍ഗമാണ് വസ്തുവിന്റെ ഈടിന്‍മേലുളള ഈ വായ്പകളെന്ന് പിരമല്‍ ഫിനാന്‍സ് ചീഫ് ബിസിനസ് ഓഫിസര്‍ ജഗ്ദീപ് മല്ലറെഡ്ഡി പറഞ്ഞു. ബിസിനസ് ലക്ഷ്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താകണം മുന്നിലുള്ള വിവിധ സാധ്യതകള്‍ വിലയിരുത്തുകയും തെരഞ്ഞെടുക്കുകയും വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം എട്ടു ശതമാനത്തിനടുത്ത് മുതല്‍ എന്ന താരതമ്യേന താഴ്ന്ന പലിശ നിരക്കാണ് വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍ക്ക് ഇന്ത്യയില്‍ ഈടാക്കുന്നത്. ഇത് വായ്പാ തിരിച്ചടവ് സുഗമവുമാക്കുന്നു. വസ്തു വില്‍ക്കുന്നതു പോലെ അതിന്റെ ഉടമസ്ഥാവകാശം എന്നന്നേക്കുമായി ഇവിടെ നഷ്ടപ്പെടുന്നുമില്ല.

വസ്തുവിന്റെ മൂല്യം, വായ്പാ ചരിത്രം, വായ്പ തേടന്നുയാളിന്റെ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വസ്തുവിന്റെ ഈടിന്‍മേല്‍ നല്‍കുന്ന തുക തീരുമാനിക്കുക. എന്‍ബിഎഫ്‌സികള്‍ വസ്തുവിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ വായ്പ നല്‍കും. അഞ്ചു കോടി രൂപ വരേയും ഇങ്ങനെ ചില വേളകളില്‍ വായ്പ അനുവദിക്കാറുമുണ്ട്. ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് 750 രൂപ മുതല്‍ 900 രൂപ വരെയാവും പ്രതിമാസ തിരിച്ചടവു നടത്തേണ്ടി വരുന്നത്.

ആദായ നികുതി വകുപ്പിന്റെ 37 (1) വകുപ്പു പ്രകാരം പലിശയ്ക്കും ബന്ധപ്പെട്ട ഫീസുകള്‍ക്കുമുള്ള ഇളവുകള്‍ അടക്കം നിരവധി നേട്ടങ്ങളും വസ്തുവിന്റെ ഈടിന്‍മേലുളള വായ്പകള്‍ക്കു ലഭിക്കും. ഇതേ സമയം നിങ്ങള്‍ക്കു മുന്നിലുള്ള മറ്റു സാധ്യതകള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കണം വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍ പ്രയോജനപ്പെടുത്തേണ്ടത്. ഇതിന് പ്രോപര്‍ട്ടി കാല്‍ക്കുലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

Comments are closed.