ഒടിടിയിലും (ഓവര്‍-ദി-ടോപ്പ്), ടെലിവിഷനിലും മറ്റുമായി സാമ്പത്തിക പ്രതിസന്ധികളെയും സ്റ്റോക്ക് മാര്‍ക്കറ്റുകളെയും കുറിച്ചുള്ള ഒട്ടേറെ പരിപാടികളുണ്ട്. ഇപ്പോഴിതാ പുതിയ അഞ്ച് എപ്പിസോഡ് വെബ് സീരീസ് ഒരുക്കാന്‍ പദ്ധതിയിടുകയാണ് റിസര്‍വ് ബാങ്കും (ആര്‍ബിഐ).

റിസര്‍വ് ബാങ്കിന്റെ 90 വര്‍ഷത്തെ യാത്രയെ കുറിച്ചാണിതെന്ന് സൂചനയുണ്ട്. ഈ വെബ് സീരീസ് 1935ല്‍ സ്ഥാപിതമായ റിസര്‍വ് ബാങ്കിന്റെ ചരിത്രത്തിലേക്കും ശ്രദ്ധേയമായ സംഭവങ്ങളിലേക്കും ആഴ്ന്നിറങ്ങും. ഓരോ എപ്പിസോഡും 25 മുതല്‍ 30 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. ദേശീയ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കും.

സീരീസിന്റെ പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ എന്നിവ നിയന്ത്രിക്കുന്നതിന് പ്രൊഡക്ഷന്‍ ഹൗസുകള്‍, ടിവി ചാനലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ നിന്ന് വ്യക്തിഗതമായോ സഹകരിച്ചോ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ബിഐ അടുത്തിടെ ഒരു ടെന്‍ഡര്‍ നല്‍കിയിരുന്നു.

ഇംഗ്ലണ്ടും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് സുതാര്യത വര്‍ധിപ്പിക്കുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും സങ്കീര്‍ണ്ണമായ സാമ്പത്തിക ആശയങ്ങള്‍ ആകര്‍ഷകമായ കഥപറച്ചിലിലൂടെ അവതരിപ്പിക്കുന്നതിനും സഹായിക്കും.

സര്‍ക്കാരുമായുള്ള ആനുകാലിക തര്‍ക്കങ്ങള്‍, സെക്യൂരിറ്റീസ് കുംഭകോണം, ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരുമായി സഹകരിച്ചുള്ള ശ്രമങ്ങള്‍ തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

Comments are closed.