Author

MALABAR BUSINESS

Browsing

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപയിലെത്തി. ഗ്രാമിന് 6,765 രൂപയുമായി ഉയർന്നു.

കഴിഞ്ഞ 2 ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സ്വർണ വില കുതിച്ചുയർന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് വിവരം.

രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈൽ ഫോൺ സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും വോഡഫോൺ- ഐഡിയയും (വിഐ) താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസർമാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വർധനവിനെതിരെ ഒരുവിഭാഗം യൂസർമാർ വിമർശനം ഉന്നയിക്കുമ്പോൾ നിരക്കുകൾ കുറയ്ക്കാൻ ഇടപെടുമോ കേന്ദ്ര സർക്കാർ? മൊബൈൽ താരിഫ് നിരക്ക് വർധനവിൽ അടിയന്തരമായി ഇടപെടേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാരും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട്. ‘ഇന്ത്യയിലെ ടെലികോം താരിഫുകൾ ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായി തുടരുന്നു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനേ സർക്കാരിന് കഴിയൂ.

ടെലികോം രംഗത്ത് മതിയായ മത്സരം ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ഇടപെടേണ്ട അടിയന്തര സാഹചര്യമില്ല. കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിൽ ഉപഭോക്താക്കൾക്ക് കുറച്ച് പ്രയാസമുണ്ടാകാം. എന്നാൽ മൂന്ന് വർഷത്തിന് ശേഷമാണ് നിരക്കുകൾ ഉയർന്നിരിക്കുന്നത്’- എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജൂലൈ മൂന്നിനാണ് ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വർധന നിലവിൽ വന്നത്. പ്രീ- പെയ്ഡ്, പോസ്റ്റ്-പെയ്‌ഡ് നിരക്കുകളിൽ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് നിരക്ക് വർധന. ലോക്സ‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം താരിഫ് നിരക്കുകൾ ഉയരുക ഉറപ്പായിരുന്നെങ്കിലും ജിയോയാണ് വില വർധനയ്ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ എയർടെല്ലും വിഐയും സമാന പാത സ്വീകരിച്ചു. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡൽ സൃഷ്‌ടിക്കുന്നതിനും സ്പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകൾ ഉയർത്തിയത് എന്നാണ് ടെലികോം കമ്പനികളുടെ വാദം

മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ (എച്ച്സിഐഎല്‍) കമ്പനിയുടെ പ്രീമിയം ശ്രേണി കാറുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമോഷണല്‍ കാമ്പെയ്ന്‍ ‘ഹോണ്ട മാജിക്കല്‍ മണ്‍സൂണ്‍’ പ്രഖ്യാപിച്ചു.

ഹോണ്ട അമേസ്, ഹോണ്ട സിറ്റി, ഹോണ്ട എലിവേറ്റ്, ഹോണ്ട സിറ്റി ഇ:എച്ച്ഇവി എന്നിവയുള്‍പ്പെടെയുള്ള ഹോണ്ട കാര്‍സ് ഇന്ത്യയുടെ മുഴുവന്‍ പ്രീമിയം ശ്രേണിയും പ്രൊമോഷണല്‍ സ്‌കീം ഉള്‍ക്കൊള്ളുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ ഓഫര്‍ ലഭ്യമാണ്.

2024 ജൂലൈയില്‍ തങ്ങളുടെ കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ കാമ്പെയ്നിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള എക്സ്‌ക്ലൂസീവ് ട്രിപ്പ് അല്ലെങ്കില്‍ 75,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. കൂടാതെ, ഈ കാലയളവില്‍ എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ട്.

ഈ ഓഫറുകളെല്ലാം ഉല്‍പ്പന്ന ശ്രേണിയില്‍ ലഭ്യമായ മോഡല്‍ തിരിച്ചുള്ള പ്രതിമാസ ഓഫറിന് പുറമേയാണ്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി കാമ്പെയ്ന്‍ ആനുകൂല്യങ്ങള്‍ വ്യത്യാസപ്പെടാമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്‌സ്ട്രീം സേവനം നിര്‍ത്തലാക്കി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. വ്യാപാരികള്‍ക്ക് മാത്രമായുള്ള ഡെലിവറി സേവനമാണ് എക്‌സ്ട്രീം. എക്‌സ്ട്രീമിലൂടെ വ്യാപാരികള്‍ക്ക് 10 കിലോഗ്രാം വരെ ഭാരമുള്ള ഇന്‍ട്രാ സിറ്റി പാക്കേജുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുമായിരുന്നു.

നിലവില്‍ എക്‌സ്ട്രീം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയിട്ടുണ്ട്. എക്‌സ്ട്രീമിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സൊമാറ്റോയുടെ നടപടി. 300,000ല്‍ അധികം ഡെലിവറി പങ്കാളികളാണ് എക്‌സ്ട്രീമിലുണ്ടായിരുന്നത്.

അതേസമയം മറ്റ് നഗരങ്ങളിലെ പ്രശസ്തമായ ഹോട്ടലുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ‘ഇന്റര്‍സിറ്റി ലെജന്‍ഡ്സ്’ സേവനം സൊമാറ്റോ പുനരാരംഭിക്കും.ഡല്‍ഹി-എന്‍സിആര്‍, ബംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങളില്‍ ആണ് ഈ സേവനം ആരംഭിച്ചിട്ടുള്ളത്. ഇത് ഉടന്‍ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പവര്‍ ടൂ വീലര്‍ ഫ്രീഡം 125 അവതരിപ്പിച്ചു. ഈ ബൈക്ക് 95,000 രൂപയ്ക്ക് (എക്‌സ്-ഷോറൂം) ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ആറ് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലും ബൈക്ക് ലഭ്യമാകും. ബൈക്കിന്റെ റേഞ്ച് 330 കിലോമീറ്ററായിരിക്കും. ബജാജ് ഓട്ടോ വെബ്സൈറ്റിലും ഡീലര്‍ഷിപ്പിലും ഇന്ന് ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മറ്റ് ബൈക്കുകളെ അപേക്ഷിച്ച് അറ്റകുറ്റപ്പണി ചെലവ് 50 ശതമാനം കുറവാണെന്ന് കമ്പനി അവകാശപ്പെട്ടു.

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് മാറി ശുദ്ധമായ ഇന്ധനത്തിലേക്ക് എങ്ങനെ നീങ്ങാമെന്ന് ഇന്ത്യക്ക് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുത്തന്‍ അവസരം. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിനായി പുതിയ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ കണ്ടെത്തുന്നതിനാണിത്. ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളിലെ ഇന്റേണ്‍ഷിപ്പ് അവസരം കണ്ടെത്തി നേരിട്ട് അപേക്ഷിക്കാനാകും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണിത്.

ഇതുമായി ബന്ധപ്പെട്ട് വിവിധ ഇന്ത്യന്‍, അമേരിക്കന്‍ കമ്പനികള്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ നീക്കം ഭാവിയില്‍ മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താനും മികച്ച് കരിയര്‍ ഉണ്ടാക്കാനും സഹായിക്കും. കോണ്‍സുലേറ്റിന്റെ പുതിയ സംവിധാനം നിലവില്‍ വരുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഇലോണ്‍ മസ്‌കിന്റെ സമ്പത്തും തകര്‍ന്നടിയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വലിയ ഇടിവാണുണ്ടായത്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെയാണ് ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞത്. ഇതാണ് മസ്‌കിന് തിരിച്ചടിയായത്. ടെസ്ലയുടെ ഓഹരികളില്‍ 20 ശതമാനം ഇടിവാണുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും ജൂണ്‍ അവസാനത്തോടെ 1.66 ട്രില്ല്യണ്‍ ഡോളറായി വര്‍ധിച്ചതിനിടെയാണ് മസ്‌കിന് സമ്പത്തില്‍ ഇടിവുണ്ടായിരിക്കുന്നത്.

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറക്‌സ് കാര്‍ഡായ സഫീറോ ഫോറക്‌സ് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നിരവധി സൗകര്യങ്ങളാണ് വീസ നല്‍കുന്ന ഈ കാര്‍ഡ് വഴി ലഭിക്കുന്നത്.

കറന്‍സികള്‍ക്കിടയിലെ മാര്‍ക്കപ്പ് ചാര്‍ജ് ഇല്ലാതെ 15 കറന്‍സികളില്‍ ഇടപാട് നടത്താന്‍ ഇതുവഴി കഴിയും. 15,000 രൂപയുടെ പ്രവേശന ആനുകൂല്യം അടക്കമുള്ള മറ്റ് നേട്ടങ്ങളും ഉണ്ടാകും. മൊബൈല്‍ പേ ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലൂടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തല്‍ക്ഷണം റീലോഡ് ചെയ്യാം.

മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിടേണ്ടിവരുന്ന നിരവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് ഐസിഐസിഐ ബാങ്ക് പെയ്‌മെന്റ് സൊല്യൂഷന്‍സ് മേധാവി നീരജ് ട്രാല്‍ഷാവാല പറഞ്ഞു. എവിടെ നിന്നും രക്ഷിതാക്കള്‍ കാര്‍ഡ് ഡിജിറ്റല്‍ റീലോഡിംഗ്, അധിക ക്യൂറേറ്റഡ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ട്യൂഷന്‍ ഫീസ്, യാത്ര, ഭക്ഷണം തുടങ്ങിയ നിരവധി ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ ഇത് വിദേശത്തുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് വീസ ഇന്ത്യ കണ്‍ട്രി മാനേജര്‍ സുജൈ റെയ്‌ന പറഞ്ഞു. സൗജന്യ അന്താരാഷ്ട്ര സിം കാര്‍ഡ്, ലോഞ്ച് ആക്‌സസ്, യൂബര്‍ വൗച്ചര്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും.

വിദേശ ജീവിതത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്‍ഡ് ഫീച്ചറുകള്‍ ക്രമീകരിക്കുന്നതിലൂടെ, വീസ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഇടപാടുകള്‍ പൂര്‍ണ്ണമായ ഉപയോഗവും ആഗോള സ്വീകാര്യതയും ഉറപ്പാക്കുന്നു. ഈ സമഗ്രമായ സാമ്പത്തിക പരിഹാരം ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന ആവശ്യകതകളെ അഭിസംബോധന ചെയ്യുന്നു, ഇത് ആശങ്കയില്ലാത്തതാക്കുന്നു, അതിനാല്‍ അവര്‍ക്ക് വിദേശത്ത് മികച്ച പഠന അനുഭവം നേടാനാകുമെന്നും സുജൈ റെയ്‌ന പറഞ്ഞു.

കാര്‍ഡിന് അപ്ലൈ ചെയ്യാനായി ബാങ്ക് ഉപഭോകതാക്കള്‍ക്ക് https://www.icicibank.com/personal-banking/cards/travel-card/student-sapphiro-forex-prepaid-card എന്ന് ലിങ്ക് അല്ലെങ്കില്‍ ഐ മൊബൈല്‍ പേ : Cards & Forex > Forex Prepaid Cards > Apply Now. വഴി അപേക്ഷിക്കാനാകുന്നതാണ്. ഐസിഐസിഐ ബാങ്ക് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐസിഐസിഐ ബാങ്ക് സ്റ്റുഡന്റ് ഫോറെക്‌സ് കാര്‍ഡും മള്‍ട്ടി കറന്‍സി ഫോറെക്‌സ് കാര്‍ഡും വാഗ്ദാനം ചെയ്യുന്നു

സൂപ്പര്‍ മണിയുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ട്. കമ്പനിയുടെ സ്വന്തം പേയ്‌മെന്റ് ആപ്പാണിത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) ഇടപാടുകള്‍ക്ക് പുറമേ, ക്രെഡിറ്റ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങളും സൂപ്പര്‍ മണി ആപ്പ് ലഭ്യമാക്കും. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍പേയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ്, ഫ്‌ലിപ്കാര്‍ട്ട് സ്വന്തമായി പേയ്‌മെന്റ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

നിലവില്‍ പുതിയ ആപ്പിന്റെ ബീറ്റ പതിപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. സൂപ്പര്‍ മണി ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആപ്പ് ഉപയോഗിച്ച് ഭക്ഷണം വാങ്ങുന്നതിനും, യാത്ര ചെയ്യുന്നതിനും, മറ്റ് ഇടപാടുകള്‍ക്കും 5 ശതമാനം വരെ ക്യാഷ്ബാക്ക് ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിന്റെ ഫിന്‍ടെക് ആപ്പ് ആയ നവിയും യുപിഐ ഉപയോഗിക്കുന്നതിന് റിവാര്‍ഡുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം എന്നീ മൂന്ന് കമ്പനികളുടെ പക്കലാണ് രാജ്യത്തെ യുപിഐ വിപണിയുടെ 95 ശതമാനം വിഹിതവും. ഇവരുമായാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ സൂപ്പര്‍ മണി ആപ്പ് മത്സരിക്കുക.

ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ലേബല്‍ ഷീയിന്‍ വരും ആഴ്ചകളില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന സൂചന. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് വഴിയാകും ഷീയിന്‍ വീണ്ടും ഇന്ത്യയിലെത്തുക.

ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ വര്‍ഷം ഷീയിന്‍ ബ്രാന്‍ഡുമായി കൈകോര്‍ത്തതായും മുന്‍ മെറ്റാ ഡയറക്ടര്‍ മനീഷ് ചോപ്രയെ ഷെയ്നിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലപ്പത്തേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഇകണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ജ്വല്ലറി നിര്‍മ്മാതാക്കളായ ടിഫാനി ആന്‍ഡ് കോ, ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടെയിലര്‍ എഎസ്ഒഎസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് റിലയന്‍സ് റീട്ടെയിലാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് ഷീയിന്‍ ബ്രാന്‍ഡിനെ ഇന്ത്യ നിരോധിച്ചരുന്നു. പൂര്‍ണമായും റിലയന്‍സ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായി ഷീയിന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കും.