Author

MALABAR BUSINESS

Browsing

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് കീഴിൽ ഡെന്‍റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും.

രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്‍റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്‍റൽ കൗൺസിൽ രജിസ്‌ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം.

വെങ്ങന്നൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

 

റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോള്‍ പ്രൊജക്റ്റിന്‍റെ വിശദാംശങ്ങളിലേക്കുള്ള ക്യു ആര്‍ കോഡ് ഇനി മുതല്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. സെ‌പ്റ്റംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പുറത്തിറക്കി.

പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കെ-റെറ രജിസ്ട്രേഷന്‍ നമ്പര്‍, വിലാസം എന്നിവയോടൊപ്പം തന്നെ വ്യക്തമായി കാണത്തക്ക വിധം വേണം ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കാന്‍. പത്രമാധ്യമങ്ങള്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, ബ്രോഷറുകള്‍, പ്രൊജക്റ്റ് സൈറ്റില്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഹോര്‍ഡിങ്ങുകള്‍, സമൂഹമാധ്യമങ്ങള്‍, ഡെവലപ്പര്‍മാരുടെ വെബ്സൈറ്റ്, അവരുടെ ഓഫിസ് തുടങ്ങി എവിടെയെല്ലാം പരസ്യം പ്രദര്‍ശിപ്പിച്ചാലും ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. പ്രമോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രൊജക്റ്റിന്‍റെ ക്യൂ ആര്‍ കോഡ് കെ-റെറ പോര്‍ട്ടലിലുള്ള പ്രമോട്ടേഴ്സ് ഡാഷ്ബോര്‍ഡില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ കെ-റെറയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ചേര്‍ത്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ ഉപയോക്താവിന് കാണാന്‍ സാധിക്കും. രജിസ്ട്രേഷന്‍ നമ്പര്‍, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട്, അംഗീകൃത പ്ലാനുകള്‍ തുടങ്ങി പ്രൊജക്റ്റിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വരെ ഇതില്‍പ്പെടും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള ഒരു വലിയ ചുവടുവയ്പായിരിക്കും ഈ നീക്കമെന്ന് കെ-റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു.

ഇന്ത്യൻ നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ മോഡൽ മോട്ടോർസൈക്കിൾ എത്തി. ഏറ്റവും പുതിയ അർബൻ സ്റ്റൈലിഷ് 2023 ലിവോ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ആൻഡ് അഡ്വാൻസ്ഡ് മോട്ടോർസൈക്കിൾ എന്ന സവിശേഷ പട്ടം ചൂടിയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. ആഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവർ ശക്തിപ്പെടുത്തുന്ന ഈ മോഡലിൽ, ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കുന്ന 110 സിസി പിജിഎംഎഫ്ഐ എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള ട്യൂബ് ലെസ് ടയറുകൾ, സോളിനോയിഡ് വാൽവ് എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ ലിവോ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയൽ സസ്പെൻഷൻ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഈക്വലൈസറോട് കൂടിയ കോംബി ബ്രേക്ക് സിസ്റ്റം എന്നീ നൂതന സൗകര്യങ്ങളും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്കായി പ്രത്യേക പത്ത് വർഷ വാറന്റി പാക്കേജ് ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂ മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ലിവോ ലഭ്യമാകും. ഡിസ്ക് വേരിയന്റിന് 82,500 രൂപയും, ഡ്രം വേരിയന്റിന് 78500 രൂപയുമാണ് എക്സ് ഷോറൂം വില.

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളിൽ 10 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. ഓഗസ്റ്റ് 15 മുതൽ 4.57 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 47,329 ആണ്. ഇതിനുള്ള 10.3 ശതമാനം വിഹിതം സ്വന്തമാക്കാൻ മൊത്തം ഇലക്ട്രിക് വാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഗണ്യമായ പുരോഗതിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 39,622 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഡൽഹി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുന്നത് കേരളത്തിലാണ്. ഡൽഹിയിൽ മൊത്തം വാഹനത്തിന്റെ 11.3 ശതമാനം വിഹിതമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഉള്ളത്. ഇലക്ട്രിക് സ്വപ്നങ്ങൾക്ക് അതിവേഗം പ്രവർത്തനക്ഷമമായ രാജ്യത്തിന് പകരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സബ്സിഡിയും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എന്നാൽ, അത്തരത്തിലുള്ള വലിയ ആനുകൂല്യങ്ങൾ ഇല്ലാതെയാണ് കേരളത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന തകൃതിയായി നടക്കുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ 5 വർഷത്തേക്ക് 50 ശതമാനം കിഴിവ് മാത്രമാണ് കേരളം നൽകുന്നത്.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്‌സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി അവസരം. നഴ്‌സിങ്ങിൽ ബിഎസ്‌സിയോ പോസ്റ്റ് ബിഎസ്‌സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 28 മുതൽ 31 വരെ ചെന്നൈയിൽ നടക്കും.

വിശദമായ സിവി, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാർ കാർഡിന്റെയും, പാസ്സ്‌പോർട്ടിന്റെയും കോപ്പി, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്

അപേക്ഷ അയക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾക്കായുളള വിശദമായ വിജ്ഞാപനം നോർക്ക റൂട്ട്‌സിന്റെയും (www.norkaroots.org) എൻഐഎഫ്എൽ (www.nifl.norkaroots.org) ന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്സ്) ബന്ധപ്പെടാവുന്നതാണ്.

ഡിലോയിറ്റ്, ഹസ്കിൻസ് ആൻഡ് സെൽസ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ അദാനി പോർട്ട് സ്പെഷ്യൽ എക്കണോമിക് സോൺ സ്റ്റ്യാറ്റ്യൂട്ടറി ഓഡിറ്റേഴ്സ് സ്ഥാനത്ത് നിന്ന് പിന്മാറിയേക്കും. കഴിഞ്ഞ രണ്ട് പാദങ്ങളിൽ അദാനി ​ഗ്രൂപ്പിൽ നടന്ന പണമിടുപാടുകളിൽ ആശങ്ക ഉയർന്നതിന് പിന്നാലെയാണ് പിന്മാറ്റം. അടുത്ത ആഴ്ച ആദ്യത്തോടെ പിന്മാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അദാനി ​ഗ്രൂപ്പിനെതിരായ ഹിൻ‍‍ഡൻബർ​ഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്ക് സുപ്രീംകോടതി അനുവദിച്ച സമയം ആ​ഗസ്റ്റ് 14ന് അവസാനിച്ചു. അമേരിക്കൻ കമ്പനിയായ ഹിൻഡൻബർ​ഗ് ജനുവരി 24 നാണ് അദാനി ​ഗ്രൂപ്പിനെതിരെ ​ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചത്. അദാനി ​ഗ്രൂപ്പിൻ്റെ ഓഹരി വില കൃത്രിമമായി ഉയർത്തി കാട്ടിയെന്നാണ് ഹിൻഡൻബർ​ഗ് റിപ്പോർട്ടിലെ ആരോപണം.

ഇക്കാലങ്ങളിൽ നടന്നത് വ്യക്തി​ഗത പണമിടുപാടുകളെന്നായിരുന്നു അദാനി ​ഗ്രൂപ്പിൻ്റെ വാദം. എന്നാൽ ഈ വർഷം മാർച്ച് 31 നും ജൂൺ 30 നും അവസാനിച്ച സാമ്പത്തിക പാദങ്ങളിൽ നടന്നത് വ്യക്തി​ഗത പണമിടപാടല്ലെന്ന് ഡിലോയിറ്റ് ആരോപിക്കുന്നു. അദാനി ​ഗ്രൂപ്പിൻ്റെ വാദങ്ങൾ ശരിയാണോ എന്നറിയാൻ മറ്റ് പരിശോധനകൾ നടന്നിട്ടില്ലെന്നാണ് ഡിലോയിറ്റിന്റെ വാദം. ഡിലോയിറ്റ് പിന്മാറിയാൽ ബിഡിഎ ഇന്ത്യയോ എംഎസ്കെഎ അസോസിയേറ്റ്സോ പകരം ഓ‍ഡിറ്റിങ്ങിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഡിലോയിറ്റോ അദാനി ​ഗ്രൂപ്പോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഒരു ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന ഇവി പുറത്തിറക്കിയത് ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ മറ്റൊരു പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഏഥര്‍ ഒരുലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ഏഥര്‍ തന്നെ അറിയിച്ചിരിക്കുകയാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കമ്പനി സിഇഒ തരുൺ മേത്ത പറഞ്ഞു.

‘ഏഥര്‍ സമീപഭാവിയിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്കൂട്ടർ നിർമ്മിക്കില്ല. ഒരുലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇത്തരമൊരു ഉത്പന്നം എങ്ങനെ നിര്‍മ്മിക്കുമെന്നോ അതിന്റെ പ്രവർത്തനക്ഷമത എങ്ങനെയാകുമെന്നോ എനിക്ക് മനസ്സിലാകുന്നില്ല,’ കാരൻഡ്ബൈക്ക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരുൺ മേത്ത പറഞ്ഞു.

‘ഒരു ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന ഉത്പ്പന്നങ്ങളെ ഞങ്ങൾ സന്തോഷത്തോടെ നിരീക്ഷിക്കും. അവരിൽ നിന്ന് പഠിക്കാനാകുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അത്തരം വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് നമുക്ക് അറിയില്ല. ഒരു ലക്ഷത്തിൽ താഴെയായി പ്രഖ്യാപിച്ച ഏതാനും ലോഞ്ചുകൾ ഇപ്പോൾ വില കൂട്ടുകയുണ്ടായി. കുറഞ്ഞ വിലയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പെട്രോള്‍ സ്‌കൂട്ടറുകളെക്കാള്‍ പെര്‍ഫോമെന്‍സ് കുറഞ്ഞേക്കും എന്നതിനാലാണ് ഒരുലക്ഷം രൂപയില്‍ താഴെയുള്ള മോഡല്‍ പരിഗണിക്കാത്തത്,’ മേത്ത വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ഒല ഒരു ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന മോഡലുകൾ പുറത്തുവിട്ടത്. S1 X , S1X+ എന്നീ മോഡലുകളാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയത്. 79,999 രൂപയാണ് S1 Xന്റെ പ്രാരംഭ വില. S1X+ എന്ന മോഡലിന് 99,999 രൂപയാണ് വില വരിക.

പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്കാണ് ഒഴിവുകൾ. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. 2023 ഓ​ഗസ്റ്റ് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

യോഗ്യത: കണക്കും ഇംഗ്ലീഷും ഉൾപ്പെടെ പഠിച്ച് പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:

ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക.
ഹോംപേജിൽ, ‘ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2023’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷിക്കുന്നതിന് മുമ്പ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക.

അപേക്ഷ സമർപ്പിക്കാൻ ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നിർദ്ദേശിച്ച എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

അപേക്ഷാ ഫീസിനുള്ള പേയ്‌മെന്റ് നിർദ്ദിഷ്ട രീതിയിൽ നടത്തുകയും അപേക്ഷാഫോം സമർപ്പിക്കുകയും ചെയ്യുക.

കുറഞ്ഞ ചെലവിൽ100 രൂപയ്ക്ക് താഴെ റീചാർജ്! ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റ: പുതിയ ഓഫറുമായി എയർടെൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഉപഭോക്താക്കളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ബജറ്റിൽ ഒതുങ്ങുന്ന റീചാർജും, അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലാനുമായാണ് ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത്. 99 രൂപ മാത്രമാണ് ഈ പ്ലാനിനായി ചെലവഴിക്കേണ്ടത്. പ്ലാനിനെ കുറിച്ചുളള വിശദ വിവരങ്ങൾ പരിചയപ്പെടാം

പ്രതിദിന ഹൈ- സ്പീഡ് ഡാറ്റാ പരിധി അവസാനിച്ച് കഴിഞ്ഞ ഉപഭോക്താക്കൾക്ക് 99 രൂപയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി റീചാർജ് പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ആഡ്-ഓൺ പ്ലാനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ റീചാർജ് പ്ലാനിൽ 1 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഇത്തരത്തിൽ ലഭിക്കുന്ന ഡാറ്റയിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ 30 ജിബി ഹൈ സ്പീഡ് ഡാറ്റയ്ക്ക് ശേഷം ഉപയോക്താവിന് 60kps സ്പീഡ് ഡാറ്റ ഉപയോഗിക്കാനാകും. 4ജി ഹാൻഡ്സെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ പ്ലാൻ കൂടുതൽ ഗുണകരമാകുക.

ഓരോ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-മത് സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ വിദ്യാർത്ഥികൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വതന്ത്ര ദിന സന്ദേശത്തിൽ പറഞ്ഞു.

മതം. ജാതി, ഭാഷ എന്നിവയ്‌ക്കെല്ലാം അപ്പുറത്ത് എല്ലാവരേയും ഒന്നിപ്പിക്കുന്നത് ഇന്ത്യക്കാർ എന്ന സ്വത്വമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മ ഗാന്ധിക്കൊപ്പം കസ്തൂർബാ ഗാന്ധിയും നടന്നു. ഇപ്പോൾ ഇന്ത്യയും വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകളും പങ്കാളികളാകുന്നു. വികസനം- സേവനം അടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനയുണ്ട്. കുറച്ച് ദശകങ്ങൾക്കു മുൻപ് അങ്ങനെയൊരു കാര്യം ചിന്തിക്കാൻകൂടി കഴിയില്ലായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാവരേയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവിതം ചെയ്തവരേയും ഓർക്കുന്നു. സത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരണമാണ് രാജ്യത്തിനു ആവശ്യം.

ആഗോളതലത്തിൽ വിലക്കയറ്റം പേടിയുണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ, സർക്കാരും റിസർവ് ബാങ്കും അത് പിടിച്ചു നിർത്തി. ഉയർന്ന വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിർത്തി. പാവപ്പെട്ടവർക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.