ഓഗസ്റ്റ് മാസം ആഘോഷങ്ങളുടെ സമയമാണ്. മലയാളിയെ സംബന്ധിച്ച് ഓണം വാതിൽക്കലെത്തി. ചെലവ് അൽപം കൂടുമെന്നതിൽ തർക്കമില്ല. ഈ ഓണ ചെലവുകൾ കൂടാതെ നയങ്ങൾ മാറുന്നതോടെ കാത്തിരിക്കുന്ന അധിക ചെലവുകൾ കൂടിയുണ്ട്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. മുന്നോട്ടും ഈ നില തുടരാൻ ആർബിഐ തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്.
ജൂലായിയിൽ യുഎസ് ഫെഡറൽ റിസർവ് വായ്പാ നിരക്ക് കാൽ ശതമാനം ഉയർത്തിയതിനെ തുടർന്ന് ഈ ചോദ്യം ശക്തമാണ്. റിപ്പോ നിരക്ക് ഉയർത്തിയാലും താഴ്ത്തിലായും അത് ബാങ്ക് നിക്ഷേപങ്ങളോ വായ്പയോ ഉള്ളവരെ ബാധിക്കും. അതോടൊപ്പം മറ്റു ചില മാറ്റങ്ങളും ഓഗസ്റ്റ് മാസത്തിൽ കാത്തിരിക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.
ആദായ നികുതി റിട്ടേൺ വെരിഫൈ ചെയ്യാം
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം ആദായനികുതി വകുപ്പ് പ്രോസസ്സിംഗ് ആരംഭിക്കുന്നതിന് മുൻപായി റിട്ടേൺ വെരിഫൈ ചെയ്യേണ്ടത് നികുതിദായകന്റെ ഉത്തരവാദിത്വമാണ്. ആധാർ, പ്രീ-വാലിഡേറ്റഡ് ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് തുടങ്ങിയവ ഉപയോഗിച്ച് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ വഴി ഓൺലൈനായി റിട്ടേൺ വെരിഫൈ ചെയ്യാവുന്നതാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റിട്ടേൺ വെരിഫൈ ചെയ്യണം. ഓഗസ്റ്റിനുള്ളിൽ ഈ നടപടി പൂർത്തിയാക്കണം.
ആർബിഐ റിപ്പോ നിരക്ക് ഉയർത്തുമോ
യുഎസ് ഫെഡറൽ റിസർവ് ജൂലായ് 26 ന് പലിശ നിരക്ക് വർധിപ്പിച്ചതോടെ 2001 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് പലിശ നിരക്കെത്തി. തുടർ വർധനവിന്റെ സാധ്യത സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ മൂന്നാം ധനനയ യോഗം ഓഗസ്റ്റ് 10- നാണ് ചേരുക. ഈ യോഗത്തിൽ യുഎസ് ഫെഡിന്റെ സമീപനം സ്വാധീനിക്കാമെന്ന് വിദഗ്ധർ പറയുന്നത്.
ഓഗസ്റ്റിൽ ആർബിഐ നിരക്ക് വർധിപ്പിക്കുമോ തൽസ്ഥികതി തുടരുമോ എന്ന് കണ്ടറിയണം. ഏപ്രിൽ, ജൂൺ മാസത്തിൽ റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്നത് വായ്പയെടുത്തവർക്ക് ആശ്വാസമായിരുന്നു. ആർബിഐ പലിശ നിരക്ക് ഉയർത്തിയാൽ ബാങ്കുകൾ ഭവന വായ്പകളുടെയും റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വായ്പകളുടെയും പലിശ ഉയർത്തും.
വെെകിയുള്ള റിട്ടേണും ഫയൽ ചെയ്യുക
ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി. സമയ പരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവരാണെങ്കിൽ പിഴ അടച്ച് റിട്ടേൺ സമർപ്പിക്കാൻ ഓഗസ്റ്റ് 1 മുതൽ ഡിസംബർ 31 വരെ സമയമുണ്ട്. വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുള്ള പിഴ 5,000 രൂപ നൽകണം. വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.
ആഘോഷാനാളുകളിലെ ചെലവാക്കലുകൾ
ഓഗസ്റ്റിൽ ആഘോഷത്തിന്റെ നാളുകളാണ്. സ്വാതന്ത്ര്യദിനവും ഓണവും രക്ഷാബന്ധനുമാണ് ഓഗസ്റ്റിലെ പ്രധാന ആഘോഷ വേളകൾ. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, റീട്ടെയിൽ ശൃംഖലകൾ എന്നിവ ഷോപ്പിംഗ് ഓഫറുകൾ അവതരിപ്പിക്കുമ്പോൾ സ്മാർട്ട് ചെലവാക്കലുകൾക്കായി ഒരു ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഓണത്തിന് വാങ്ങേണ്ടത് എന്തൊക്കെ, ഓൺലൈനിൽ ഓഫർ വരുമ്പോൾ വാങ്ങേണ്ടവയുടെ പട്ടിക എന്നിവ തരംതിരിക്കാം. ലിസ്റ്റ് അനുസരിച്ച് വാങ്ങുന്നത് അമിത ചെലവാക്കലുകൾ ഒഴിവാക്കാൻ സഹായിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ ക്യാഷ്ബാക്ക് ലഭിക്കുന്നിടത്ത് നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക.
സ്ഥിര നിക്ഷേപം
നിരവധി സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കുന്നുണ്ട്. ഐഡിബിഐ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം ഓഗസ്റ്റ് 15 ന് കാലാവധി അവസാനിക്കും. എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപവും ഓഗസ്റ്റ് 15 ന് അവസാനിക്കും. ഇന്ത്യന്‍ ബാങ്ക് ഐഎന്‍ഡി സൂപ്പര്‍ 400 സ്ഥിര നിക്ഷേപവും ഓഗസ്റ്റ് 30 ന് അവസാനിക്കും.