Author

MALABAR BUSINESS

Browsing

എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും.

കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജുമെന്റ് കമ്പനികളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം. മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്.

അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ റിഡീം ചെയ്യുന്ന സ്ഥിതി ഒഴിവാക്കാന്‍ പുതിയ സൗകര്യങ്ങള്‍ സഹായിക്കുമെന്നും അത്യൂധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ എസ്ബിഐ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറിയിരിക്കുകയാണ്

സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ച് വീണ്ടും 54,000ന് മുകളിൽ എത്തി. ഇന്ന് (12/07/2024) പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഇന്നലെയും സ്വർണവില വർധിച്ചിരുന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരുന്നത്. 54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപയുടെ കുറവുണ്ടായ ശേഷം തുടർ‌ച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

മേയ് 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളുടെ പാര്‍ക്കിംഗ് ഏരിയകളിലാണ് ഇവ സ്ഥാപിച്ചത്. ഓരോ സ്റ്റേഷനുകളിലും 60 കിലോവാട്ട് ഇ.വി ഡി.സി ഫാസ്റ്റ് ചാര്‍ജറുകളുടെ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.

രണ്ട് ചാര്‍ജിങ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവി ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ 4 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ടെര്‍മിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാം. ചാര്‍ജ് മോഡ് എന്ന ചാര്‍ജിങ് ആപ്പ് മുഖേനയാണ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യേണ്ടതും തുക അടയ്‌ക്കേണ്ടതും.

ഈ സംരംഭം സുസ്ഥിരമായ ഭാവിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഇതിന്റെ ഭാഗമായി, സമീപഭാവിയില്‍ ഒരു ഹൈഡ്രജന്‍ ഇന്ധന സ്റ്റേഷന്‍ ആരംഭിക്കാനും സിയാലിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലുള്ളവര്‍ക്ക് ഇനി വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുടങ്ങാം. ഇത്തരം അക്കൗണ്ട് വഴി വിദേശത്ത് വസ്തു വാങ്ങാനും ഇന്‍ഷുറന്‍സെടുക്കാനും വിദേശ കറന്‍സിയില്‍ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സമ്മാനമയക്കാനുമൊക്കെ സാധിക്കും.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് വിദേശ കറന്‍സി അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമുള്ളത്. വിദേശ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിനും വിദേശ സര്‍വകലാശാലകളിലെ ഫീസ് അടയ്ക്കുന്നതിനും മാത്രമായിരുന്നു നിലവില്‍ ഇത്തരം അക്കൗണ്ടുകളിലൂടെ കഴിഞ്ഞിരുന്നത്.

പുതുക്കിയ വ്യവസ്ഥ പ്രകാരം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനോ ഇന്‍ഷുറന്‍സ് എടുക്കുന്നതിനോ, നിക്ഷേപം നടത്തുന്നതിനോ ചികിത്സക്കോ എല്‍ആര്‍എസ് വഴി അക്കൗണ്ട് തുടങ്ങുന്നതിനും പണം കൈമാറുന്നതിനും കഴിയും.

ഗിഫ്റ്റ് സിറ്റിയിലെ ബാങ്ക് അക്കൗണ്ടില്‍ ഡോളര്‍ ഉള്‍പ്പടെയുള്ള വിദേശ കറന്‍സികള്‍ ഉപയോഗിച്ച് സ്ഥിര നിക്ഷേപം തുടങ്ങാന്‍ ഇന്ത്യയിലുള്ളവര്‍ക്ക് സൗകര്യം ലഭിക്കും. വിദേശ വിനിമയ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും തടസ്സങ്ങളില്ലാതെ പണമയക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ സഹായകരമാകും.

സാംസങ് ഗ്യാലക്സിയുടെ പുതിയ ഫോള്‍ഡബിള്‍, ഫ്‌ളിപ് ഫോണുകള്‍ അവതരിപ്പിച്ചു. പാരിസിലെ സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് ഇവന്റിലാണ് ഗ്യാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ളിപ് 6 എന്നിവ അവതരിപ്പിച്ചത്. ഡിസൈനിലും ഫീച്ചറുകളിലും ഏറെ പുതുമയുണ്ട്. ഏറ്റവും അത്യാധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ് ഇവയുടെ പ്രത്യേകത.

ഗ്യാലക്സി സെഡ് ഫോള്‍ഡ് 6ന് 7.6 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് ഡിസ്പ്ലെയാണുള്ളത്. പുറത്തെ സ്‌ക്രീനിന്റെ വലിപ്പം 6.3 ഇഞ്ച്. ഫോള്‍ഡബിള്‍ ഫോണിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് പുതിയ മോഡലുകള്‍. ഗ്യാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്ളിപ്പ് 6 എന്നിവയ്ക്ക് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറാണ് ഉള്ളത്. ഫോണ്‍ 12 ജിബി റാമിന്റെതാണ്.

മൂന്ന് ട്രിപ്പിള്‍ റീയര്‍ ക്യാമറ വരുന്ന ഫോണില്‍ 12 എംപിയുടെ അള്‍ട്രാ-വൈഡ് സെന്‍സര്‍, 50 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. 10 എംപിയുടെ സെല്‍ഫീ ക്യാമറയും 4 എംപിയുടെ അണ്ടര്‍ ഡിസ്പ്ലെ ഷൂട്ടറുമാണ് മറ്റ് പ്രത്യേകതകള്‍.

ഗ്യാലക്സി സെഡ് ഫ്‌ളിപ് 6ന് 6.7 ഇഞ്ച് ഡൈനമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെയാണ് വരുന്നത്. 187 ഗ്രാമാണ് ഫോണിന്റെ ഭാരം. ഈ ഫോണും 12 ജിബി റാമോടെയാണ് വിപണിയില്‍ എത്തുന്നത്. 256, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. 4,000 എംഎഎച്ചിലുള്ള ഈ ഫോണിന് 25 വാട്ടിന്റെ വയേര്‍ഡ് ചാര്‍ജറാണ് ഒപ്പം ലഭിക്കുക.

സാംസങ്ങ് ഗ്യാലക്സി എഐ സംവിധാനങ്ങള്‍ രണ്ടിലുമുണ്ടാവും. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ചും, ജെമിനി എഐ ചാറ്റ്ബോട്ടും ഇതോടൊപ്പം സാംസങ്ങ് നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്ഫോമിലാണ് ഈ ഫോള്‍ഡബിളുകള്‍ ലഭ്യമാവുക. ഏഴ് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് ഒഎസ്സും, സെക്യൂരിറ്റി അപ്ഡേറ്റുകളും യൂസര്‍ക്ക് ലഭിക്കും.

ഇന്ത്യയില്‍ 1,64,999 രൂപ മുതലാണ് സാംസങ് ഗ്യാലക്സി സെഡ് ഫോള്‍ഡ് 6ന്റെ 56 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുക. 512 ജിബിക്ക് 1,76,999 രൂപയും 1ടിബിക്ക് 2,00,999 രൂപയുമാകും. ഗ്യാലക്സി സെഡ് ഫ്‌ളിപ് 6 ഇന്ത്യയില്‍ 1,09,999 രൂപ മുതലാണ് ആരംഭിക്കുക. ജൂലൈ 10ന് ഇരു മോഡലുകളുടെയും പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിരുന്നു. ജൂലൈ 24 മുതല്‍ ഇവ വാങ്ങാനാകും.

എറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാം പാതയ്ക്കുള്ള സർവേ അവസാനത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ മറ്റൊരു പാതയുടെ സാധ്യത കൂടി റെയിൽവേ പരിഗണിക്കുന്നതായി റിപ്പോർട്ട്. മലബാറിലേക്കുള്ള ട്രെയിൻ യാത്രാ ദൂരം കുറയ്ക്കാൻ സഹായിക്കുന്ന തൃശൂർ- ഗുരുവായൂർ-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയാണ് റെയിൽവേ പരിശോധിക്കുന്നത്.

നിലവിൽ തൃശൂരിൽ നിന്നുള്ള രണ്ടാമത്തെ പാത ഗുരുവായൂരിൽ അവസാനിക്കും. 1994ൽ ഉദ്ഘാടനം ചെയ്‌ത ഈ പാത തിരുനാവായ വരെ നീട്ടുന്നതിന് 1995ൽ അന്നത്തെ റെയിൽവേ വകുപ്പ് മന്ത്രി സുരേഷ് കൽമാഡി തറക്കല്ലിട്ടെങ്കിലും പദ്ധതി ഇതുവരെ സാധ്യമായില്ല. പിന്നീട് പദ്ധതിക്ക് ജീവൻ വയ്ക്കുകയും ഗുരുവായൂർ-തിരുനാവായ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ ദക്ഷിണ റെയിൽവേ തുടങ്ങുകയും ചെയ്‌തു. ഇതിനൊപ്പമാണ് തൃശൂർ-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയും റെയിൽവേ പരിശോധിക്കുന്നത്. അതേസമയം, തൃശൂർ- തിരുനാവായ ഇരപ്പാത യാഥാർത്ഥ്യമാക്കാൻ ഇപ്പോഴുള്ള തൃശൂർ-ഗുരുവായൂർ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂരിൽ നിന്നും തിരുനാവായയിലേക്കുള്ളത് ഇരട്ടപ്പാതയാക്കി നിർമിക്കുകയും വേണം. നേരത്തെ ഗുരുവായൂരിൽ നിന്നും പൊന്നാനി വഴി തിരൂരിലേക്കുള്ള പാതയുടെ കാര്യവും ചർച്ചയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ തിരുനാവായയിൽ ഉറപ്പിക്കുകയായിരുന്നു.

ടെക്‌നിമോണ്ട് (ഇന്റഗ്രേറ്റഡ് ഇ ആന്‍ഡ് സി സൊല്യൂഷന്‍സ്), നെക്സ്റ്റ് കെം (സുസ്ഥിര സാങ്കേതികവിദ്യാ സൊല്യൂഷന്‍സ്) എന്നിവയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ടെക്നിമോണ്ട്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യക്കു വേണ്ടി(ഗെയില്‍) മധ്യപ്രദേശിലെ വിജയ്പൂരില്‍ നിര്‍മിച്ച ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദന പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ കുറഞ്ഞ കാര്‍ബണ്‍ എനര്‍ജി സൊല്യൂഷനിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഈ പ്ലാന്റ് 10 മെഗാവാട്ട് അധിഷ്ഠിത ഇലക്ട്രോലൈസറുകള്‍ വഴി പ്രതിദിനം 4.3 ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കും. ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗെയിലിനെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മെഗാവാട്ട് സ്‌കെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയാക്കി മാറ്റും.

2030ഓടെ കുറഞ്ഞത് 5 ദശലക്ഷം ടണ്‍ വാര്‍ഷിക ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന ശേഷി കൈവരിക്കാനുള്ള ഇന്ത്യയുടെ ഹൈഡ്രജന്‍ ദൗത്യവുമായി ഗെയില്‍ വിജയ്പൂര്‍ പ്ലാന്റ് യോജിക്കുന്നു. 2047ഓടെ ഊര്‍ജ സ്വയം പര്യാപ്തത നേടാനും 2070ഓടെ നെറ്റ് സീറോ നേടാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ ഊര്‍ജ പരിവര്‍ത്തനത്തിന്റെ തന്ത്രപ്രധാനമായ സാധ്യതയായി കണക്കാക്കപ്പെടുന്നു.

വ്യാവസായിക രംഗത്ത് ഫോസില്‍ ഇന്ധനങ്ങള്‍ മാറ്റിസ്ഥാപിക്കല്‍, ശുദ്ധമായ ഗതാഗതം, കൂടാതെ വികേന്ദ്രീകൃത ഊര്‍ജ്ജോത്പാദനം, വ്യോമയാന-സമുദ്ര ഗതാഗതം എന്നിവയ്ക്കും ഇത് ഉപയോഗപ്പെടുത്താം. ഊര്‍ജ്ജ സംക്രമണ മേഖലയില്‍ ഭാവിയിലെ സാധ്യതകള്‍ക്കായി ഇന്ത്യയിലെ മികച്ച സ്ഥാനം നല്‍കുന്ന ഈ നേട്ടത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മയര്‍ ഗ്രൂപ്പ് സിഇഒ അലസ്സാന്‍ഡ്രോ ബെര്‍നിനി പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന് (11/07/2024) പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപയുടെ കുറവുണ്ടായ ശേഷം തുടർ‌ച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മേയ് 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.

വിപണിയില്‍ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ചതായി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് നിര്‍ത്തിവച്ചത്.

ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ പതഞ്ജലി അറിയിച്ചു.

ഈ 14 ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ എല്ലാ ഇടങ്ങളില്‍ നിന്നും എല്ലാ ഫോര്‍മാറ്റിലുള്ളതും പിന്‍വലിക്കുമെന്ന് പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഏപ്രിലില്‍ ആണ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന തടഞ്ഞത്.

സ്വസരി ഗോള്‍ഡ്, സ്വസരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി അധിക ശക്തി, ലിപിഡം, ബിപി ഗ്രിത്, മധുഗ്രിത്, മധുനാശിനിവതി അധിക ശക്തി, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിത്, ഐഗ്രിത് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നീ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് തടഞ്ഞത്.

കൊവിഡ് വാക്സിനേനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.