ബെംഗളുരു: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഐടി സേവന ദാതാക്കളായ വിപ്രോ ലിമിറ്റഡ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ, അനലിറ്റിക്സ് സൊലൂഷ്യനുകൾ എന്നിവയുടെ വിപുലീകരണത്തിനും പുതിയ ഗവേഷണത്തിനുമുള്ള നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എക്സ്ചേഞ്ച് ഫയലിംഗിൽ പറയുന്നു. എഐയുടെ പ്രയോഗത്തിലൂടെ ഉൽപാദനക്ഷമതയുടെയും വാണിജ്യ അവസരങ്ങളുടെയും ഒരു യുഗമാണ് വിപ്രോ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം ചലിക്കുന്ന ഒരു മേഖലയാണ്, പ്രത്യേകിച്ച് ജനറേറ്റീവ് എഐയുടെ വരവോടെ എല്ലാ വ്യവസായങ്ങൾക്കും ഒരു അടിസ്ഥാനപരമായ മാറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ ബിസിനസ്സ് മോഡലുകൾ, പുതിയ പ്രവർത്തന രീതികൾ, പുതിയ വെല്ലുവിളികൾ എന്നിവയും’. വിപ്രോ സിഇഒയും മാനേജിംഗ് ഡയറക്‌ടറുമായ തിയറി ഡെലാപോർട്ടെ പറഞ്ഞു.
അടുത്ത 12 മാസത്തിനുള്ളിൽ രണ്ടര ലക്ഷം ജീവനക്കാർക്ക് എഐയുടെ അടിസ്ഥാനകാര്യങ്ങളിലും ഉത്തരവാദിത്തപരമായ ഉപയോഗത്തിലും പരിശീലനം നൽകുമെന്ന് വിപ്രോ അറിയിച്ചു. 25,000 എഞ്ചിനീയർമാരെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളിൽ പരിശീലിപ്പിച്ച് സാക്ഷ്യപത്രം നൽകുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് വിപ്രോയുടെയും പ്രഖ്യാപനം.